വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ
എം.സി.എൽ.ആർ 0.35% കുറച്ചു
ന്യൂഡൽഹി: രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുടർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) കുറച്ചു. ഇന്നലെ 0.35 ശതമാനം ഇളവ് വരുത്തി. ഏപ്രിൽ 10ന് പ്രാബല്യത്തിൽ വരും. ഇതുപ്രകാരം, ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ 7.40 ശതമാനമാണ്.
ഉപഭോക്താക്കൾ വാങ്ങുന്ന ഒട്ടുമിക്ക വായ്‌പയുടെയും അടിസ്ഥാനം ഒരുവർഷ എം.സി.എൽ.ആർ ആണ്. പുതിയ ഇളവോടെ, വായ്‌പാ പലിശഭാരത്തിൽ കുറവുണ്ടാകും. ഉദാഹരണത്തിന്, 30 വർഷ തിരിച്ചടവ് കാലാവധിയുള്ള ഭവന വായ്‌പയുടെ ഇ.എം.ഐയിൽ പ്രതിമാസം ഒരുലക്ഷം രൂപയ്ക്ക് 24 രൂപവീതം കുറയും.
കഴിഞ്ഞമാസം എസ്.ബി.ഐ, വായ്‌പാ പലിശ നിർണയത്തിന്റെ പുതിയ മാനദണ്ഡങ്ങളായ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് റേറ്റ് (ഇ.ബി.ആർ), റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് (ആർ.എൽ.എൽ.ആർ) എന്നിവ 0.75 ശതമാനം കുറച്ച്, ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നിരുന്നു. അന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശയും എസ്.ബി.ഐ 0.20 മുതൽ 0.50 ശതമാനം വരെ കുറച്ചു.
സേവിംഗ് നിക്ഷേപ
പലിശയും കുറച്ചു
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് നൽകുന്ന പലിശനിരക്ക് എസ്.ബി.ഐ ഇന്നലെ മൂന്നു ശതമാനത്തിൽ നിന്ന് കുറച്ച് 2.75 ശതമാനമാക്കി. ഏപ്രിൽ 15ന് പ്രാബല്യത്തിൽ വരും.