എം.പി ഫണ്ട് മരവിപ്പിക്കൽ: വികസനപദ്ധതികൾ മുടങ്ങും

Wednesday 08 April 2020 12:02 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഫണ്ടിനായി രണ്ട് വർഷത്തേക്ക് എം.പി ഫണ്ട് മരവിപ്പിക്കാനുള്ള തീരുമാനം ന കേരളത്തിലെ വികസനപദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും.

2014 -19 കാലയളവിൽ എം.പി ഫണ്ടിന്റെ 91 ശതമാനവും കേരളം ചെലവഴിച്ചിരുന്നു. . ഫണ്ട് നിറുത്തലാക്കുന്നത് വികസന പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാർ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് നിശ്ചിത തുക നീക്കിവയ്ക്കാൻ നിർദ്ദേശിക്കാതെ ഫണ്ട് ഒന്നാകെ മരവിപ്പിക്കുന്നത് മണ്ഡലത്തിൽ തങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന മറ്റ് പദ്ധതികളെയും അവതാളത്തിലാക്കുമെന്ന് എം. ​പിമാർ പറയുന്നു..

കൊവിഡിന്റെ പശ്ചാത്തലത്തിൽ ,സംസ്ഥാനത്ത് അടിസ്ഥാനസൗകര്യമൊരുക്കാൻ എം.പി. ഫണ്ട് ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. .പുതിയ സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയാണ് എം.പി ഫണ്ട് ഒഴിവാക്കുന്നതെന്നതിനാൽ ,2019-20 വർഷത്തെ പദ്ധതികൾക്ക് മുടക്കമുണ്ടാകില്ല. എന്നാൽ,​ കഴിഞ്ഞ സാമ്പത്തികവർഷം അംഗീകരിച്ച പദ്ധതികൾക്ക് ആദ്യ ഘട്ടമായ 50 കോടി മാത്രമാണ് ഇതുവരെ നൽകിയത്. രണ്ടാംഘട്ടത്തിലെ 50 കോടി ബാക്കിയുണ്ട്. 1993 ഡിസംബർ 23നാണ് എം.പി ഫണ്ട് തുടങ്ങിയത്. ആദ്യം പ്രതിവർഷം അഞ്ച് ലക്ഷം രൂപയായിരുന്നത് ഇപ്പോൾ അഞ്ച് കോടിയാണ്.