കാസർകോട്ട് ടാറ്റ ഗ്രൂപ്പിന്റെ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിർമ്മാണ പ്രവർത്തനം തുടങ്ങി
കാസർകോട്: 450 പേർക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷൻ കിടക്കകളും അടങ്ങുന്ന കൊവിഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങി. കാസർകോട് തെക്കിലിലാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി സജ്ജീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നിർദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കുന്ന വിദഗ്ധ സംഘം ഇന്നലെ ഉച്ചയോടെ കാസർകോട് എത്തിയിരുന്നു. അവശ്യമായ നടപടികൾ പെട്ടെന്ന് സ്വീകരിച്ചതിനാലാണ് നിർമ്മാണ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത്. ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിലാണ് ആശുപത്രി സ്ഥാപിക്കുന്നത്.
തെക്കിൽ പാലത്തിന് സമീപത്തായി 15 ഏക്കർ റവന്യു ഭൂമി തരിശായി കിടക്കുന്നുണ്ട്. ഈ സ്ഥലം ആശുപത്രി സ്ഥാപിക്കാൻ സർക്കാർ വിട്ടുകൊടുത്തത്. മൂന്ന് മാസത്തിനകം ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് സർക്കാരിനെ ടാറ്റ അറിയിച്ചിട്ടുള്ളത്. എഞ്ചിനിയർമാർഉൾപ്പടെയുള്ള സംഘമാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. കാസർകോട് ക്യാമ്പ് ചെയ്തു കൊണ്ട് തന്നെ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു