സ്വർണം ഇറക്കുമതി ആറര വർഷത്തെ താഴ്‌ചയിൽ

Thursday 09 April 2020 4:40 AM IST

കൊച്ചി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കടകളും ആഭരണ നിർമ്മാണശാലകളും പൂട്ടിയതോടെ, കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ആറരവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. 25 ടണ്ണാണ് മാർച്ചിലെ ഇറക്കുമതി. ഇടിവ് 73 ശതമാനം. 2019 മാർച്ചിൽ ഇറക്കുമതി 93.24 ടൺ ആയിരുന്നു.

രണ്ടാമത്തെ വലിയ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. രാജ്യാന്തര സ്വർണവില കൂടിനിന്നതും ഇറക്കുമതി കുറയാനിടയാക്കി. കഴിഞ്ഞമാസത്തെ സ്വർണം ഇറക്കുമതി മൂല്യം 122 കോടി ഡോളറാണ്. ഇടിവ് 63 ശതമാനം. സ്വർണം ഇറക്കുമതി താഴുന്നത് കേന്ദ്രസർക്കാരിന് ആശ്വാസമാണ്. കറന്റ് അക്കൗണ്ട്, ധന കമ്മികൾ കുറയും; രൂപയുടെ മൂല്യവും മെച്ചപ്പെടും.

4 ടൺ

ലോക്ക് ഡൗൺ നീണ്ടാൽ, ഏപ്രിലിൽ ഇറക്കുമതി 4 ടണ്ണിലേക്ക് ഇടിഞ്ഞേക്കും. 2019 ഏപ്രിലിൽ ഇറക്കുമതി 110.18 ടൺ ആയിരുന്നു.

559.6 ടൺ

മാ‌ർച്ച് 31ന് സമാപിച്ച 2019-20 സമ്പദ്‌വർഷത്തിൽ ഇറക്കുമതി 559.6 ടൺ ആണെന്നാണ് വിപണിയുടെ കണക്ക്. 2018-19ൽ 775.4 ടൺ ആയിരുന്നു.

ഇറക്കുമതി

(കണക്ക് ടണ്ണിൽ)

  • 2014-15 : 942.7
  • 2015-16 : 820.8
  • 2016-17 : 690.5
  • 2017-18 : 776.3
  • 2018-19 : 775.4
  • 2019-20 : 559.6