കെ.എം.എം.എല്ലും ലോക്കായി; നഷ്‌ടം ₹15 കോടി
കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്‌ചയിലേറെ അടച്ചിട്ട ചവറ കെ.എം.എം.എല്ലിന് നഷ്‌ടം 15 കോടി രൂപ. 24നാണ് കെ.എം.എം.എല്ലും സ്‌പോഞ്ച് പ്ലാന്റും അടച്ചത്. പ്ലാന്റ് കൃത്യമായി പ്രവർത്തിച്ചാൽ നഷ്ടം പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എൻ.ഒ.സി സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ കെ.എം.എം.എല്ലിന് ഇക്കുറി മലിനീകരണ നിയന്ത്രണ ബോർഡ് ഖനനാനുമതി നിഷേധിച്ചിരുന്നു. ഈയടുത്താണ് പുനഃസ്ഥാപിച്ചതും പൂർണ തോതിൽ ഖനനവും പ്ലാന്റ് പ്രവർത്തനവും തുടങ്ങിയതും. എന്നാൽ, ലോക്ക് ഡൗൺ ആരംഭിച്ചതോടെ പ്ലാന്റ് അടച്ചിട്ടു. നേരത്തെ 163 കോടി രൂപയുടെ ലാഭത്തിലോടിയിരുന്ന സ്ഥാപനം 1.15 കോടി രൂപയുടെ നഷ്ടത്തിലേക്ക് വീണെങ്കിലും അതിവേഗം നഷ്ടം കുറച്ചിരുന്നു. അടച്ചിടേണ്ടിവന്നതും ഇതേ അവസരത്തിലായത് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചു. പ്ലാന്റ് തുറക്കാൻ നാലിന് സർക്കാർ അനുമതി നൽകിയെങ്കിലും പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. കെ.എം.എം.എല്ലിൽ ആയിരത്തിലേറെ തൊഴിലാളികളുണ്ട്. ഇതിൽ കൊല്ലം ജില്ലക്കാർ നൂറോളം മാത്രം. യാത്രാ സൗകര്യങ്ങളിലെ പ്രശ്‌നം കാരണം മറ്റ് ജില്ലകളിൽ നിന്നുള്ളവരെ എത്തിക്കാനാവുന്നില്ല. 100 തൊഴിലാളികളെ ഉപയോഗിച്ച് പ്ലാന്റ് നിയന്ത്രിതമായി പ്രവർത്തിച്ച് തുടങ്ങി. ഉത്പാദനം ഈമാസം 14 കഴിഞ്ഞേ സാദ്ധ്യമാവൂ.
ഓക്‌സിജൻ പ്ലാന്റ്
കമ്മിഷനിംഗ് മുടങ്ങി
കെ.എം.എം.എല്ലിന്റെ സ്വപ്‌ന പദ്ധതിയായ ഓക്‌സിജൻ പ്ലാന്റിന്റെ ഉദ്ഘാടനവും കൊവിഡ് കാരണം മുടങ്ങി. ഒഡീഷയിൽ നിന്ന് എൻജിനീയർമാർ എത്താത്തതിനാലാണിത്. ഏപ്രിൽ 30നുള്ളിൽ അവരെത്തിയാൽ കമ്മിഷൻ വേഗത്തിലാക്കാനാണ് ആലോചന. പ്ലാന്റ് പ്രവർത്തനത്തിന് 50 ടൺ ഓക്‌സിജനാണ് മാസം വാങ്ങുന്നത്. ഇതിന് 10 കോടി രൂപയാണ് ചെലവ്. ഓക്‌സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായാൽ ഈ തുക ലാഭിക്കാം.
''70 ടണ്ണാണ് ഓക്‌സിജൻ പ്ളാന്റിന്റെ ഉത്പാദനശേഷി. കെ.എം.എം.എല്ലിന് ആവശ്യമുള്ള 50 ടൺ കഴിച്ച് ബാക്കി പുറത്ത് വിറ്റഴിക്കാം. ആശുപത്രികൾക്ക് ഇത് പ്രയോജനപ്പെടും""
ചന്ദ്രബോസ്,
മാനേജിംഗ് ഡയറക്‌ടർ,
കെ.എം.എം.എൽ