സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കൊവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ നാലു പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലു പേർ വിദേശത്ത് നിന്നും രണ്ട് പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. നിസാമുദ്ദീനിൽ നിന്നു വന്നവർ കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ്. ഇതോടെ മത സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി. 13 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി. 259 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് 345 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 84 പേർ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ഇന്നലെ കുറവുണ്ടായി. വിവിധ ജില്ലകളിലായി 1,40,474 പേർ നിരീക്ഷണത്തിലാണ്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലുമാണ്.169 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11,986 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 10,906ഉം നെഗറ്റീവാണ്.
കൊവിഡിന് ആയുർവേദം
കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുർവേദം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഏഴ് വിഭാഗങ്ങളായി തിരിച്ച് ചികിത്സ ഉറപ്പാക്കും. 60 വയസ് കഴിഞ്ഞവരുടെ രോഗ പ്രതിരോധത്തിന് സുഖായുഷ് എന്ന ചികിത്സാ രീതി നടപ്പാക്കും. ലഘു വ്യായാമമുറകൾ ഉൾപ്പെടുത്തി മാദ്ധ്യമങ്ങളുടെ സഹായത്തോടെ സ്വാസ്ഥ്യം പരിപാടിയും ആരംഭിക്കും. സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ആയുർരക്ഷാ ക്ലിനിക്കുകൾ തുറക്കും. ആയുർവേദ ചികിത്സാ സംവിധാനങ്ങളറിയാൻ നിരാമയ ഓൺലൈൻ പോർട്ടൽ സ്ഥാപിക്കും.
രക്തദാനത്തിന് മൊബൈൽ യൂണിറ്റ്
സംസ്ഥാനത്ത് രക്തദാനത്തിൽ കുറവുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിൽ രക്തം ആവശ്യമാണ്. കൂടുതൽ പേർ ദാനത്തിന് തയ്യാറാകണം. ഇതിനായി മൊബൈൽ യൂണിറ്റ് സജ്ജമാക്കും.