മത്സ്യത്തൊഴിലാളികൾക്ക് 2,000രൂപ വീതം ധനസഹായം : മന്ത്രി മേഴ്സിക്കുട്ടിഅമ്മ
തിരുവനന്തപുരം: ക്ഷേമ നിധിയിൽ അംഗങ്ങളായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും 2,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും,ഇന്ന് മുതൽ അക്കൗണ്ട് വഴി പണം കൈമാറുമെന്നും, മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകും.
എല്ലാ ഹാർബറുകളിൽ നിന്നും അഞ്ച് പേരടങ്ങുന്ന ചെറു വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിനു പോകാൻ അനുമതി നൽകിയിട്ടുണ്ട്. മത്സ്യവിൽപനയ്ക്ക് ലേലം ഒഴിവാക്കി പകരം ഏർപ്പെടുത്തിയ സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്.
.സംസ്ഥാനത്ത് പഴകിയ മത്സ്യങ്ങൾ വിറ്റഴിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് തുടരും. ഓപ്പറേഷൻ സാഗർ റാണി വഴി സംസ്ഥാനത്ത് ഇതുവരെ 38,649 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു. ഇന്നലെ കുന്നംകുളത്ത് 1440 കിലോയും കണ്ണൂർ അഴീക്കലിൽ 1000 കിലോയും പഴകിയ മത്സ്യം പിടിച്ചെടുത്തു. കോഴിക്കോട് കൂടത്തായിയിൽ 100 കിലോയും പാലായിൽ 110 കിലോയും തിരുവനന്തപുരം ചാല മാർക്കറ്റിൽ 25 കിലോ പഴകിയ മത്സ്യം പിടികൂടി. ഈസ്റ്റർ സീസൺ പരിഗണിച്ചത് സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.