ആരോഗ്യപ്രവർത്തകർക്കായി ലാൽ പാടി 'സ്‌നേഹദീപമേ മിഴി തുറക്കൂ...'
തിരുവനന്തപുരം : 'ലോകം മുഴുവൻ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' ചെന്നൈയിലെ വീട്ടിലിരുന്ന് നടൻ മോഹൻലാൽ ആരോഗ്യപ്രവർത്തകർക്കായി വീഡിയോ കോൺഫറൻസിലൂടെ പാടിയപ്പോൾ ഡോക്ടർമാരും നഴ്സുമാരും മറ്റുജീവനക്കാരും ഹൃദയപൂർവം കേട്ടിരുന്നു.
കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യമന്ത്രി കെ. കെ.ശൈലജയ്ക്കൊപ്പം മോഹൻലാലും ചേർന്നത്.
എല്ലാ ജില്ലകളിലെയും കോവിഡ് ആശുപത്രികളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവർത്തകർ അതത് ആശുപത്രികളിൽ നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ആരോഗ്യപ്രവർത്തകരുമായി സംവദിക്കാൻ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഊർജ്ജം വിലപ്പെട്ടതാണ്. ഭഗീരഥപ്രയത്‌നം നടത്തുന്ന ഇവർ നമുക്ക് അഭിമാനമാണ്. രോഗികൾക്ക് വലിയ പ്രതീക്ഷയാണ് ഇവർ നൽകുന്നത്. ലോകത്ത് കേരളത്തിന്റെ സ്ഥാനം ഉയരുകയാണ്. ആശുപത്രികളിൽ അഹോരാത്രം പണിയെടുക്കുന്ന ക്ലീനിംഗ് സ്റ്റാഫ് മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് അതിനുപിന്നിൽ. ഇവർക്ക് നേതൃത്വം നൽകുന്ന മന്ത്രി കെ.കെ. ശൈലജയ്ക്ക് ബിഗ് സല്യൂട്ട് . എന്ത് സഹായം വേണമെങ്കിലും സിനിമാമേഖല നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി. നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്.
കുടുംബകാര്യം മാറ്റിവച്ച് അഹോരാത്രം ജനങ്ങളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അവരുടെ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മോഹൻലാലിനെപ്പോലെയുള്ളവർ ഇവർക്കുവേണ്ടി സമയം ചെലവിടുന്നതിൽ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.