ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി
Thursday 09 April 2020 2:50 AM IST
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചു ലക്ഷം രൂപ അനുവദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും അണുവിമുക്തമാക്കാനാണ് തുക അനുവദിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരാരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 30ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം കോവിഡ് 19 സംബന്ധിച്ച് ബോധവത്കരണം നടത്താനും ഓഫീസുകൾ ഉൾപ്പെടെ പൊതുഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കാനും 2,00,11,950 രൂപ ഗതാഗത കമ്മീഷണറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിരുന്നു. ഈ തുക വകമാറ്റുകയോ ഓഫീസിലെ എതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.