സർവീസിനൊരുങ്ങി റെയിൽവേ ഇന്ന് മുതൽ പാഴ്സൽ സർവീസ്

Thursday 09 April 2020 3:17 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിക്കുന്നതനുസരിച്ച് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ പാഴ്സൽ സർവീസ് തുടങ്ങും. 14ന് ലോക്ക് ഡൗൺ പിൻവലിച്ചാൽ 15 മുതൽ യാത്രാട്രെയിനും ഓടും.

ഇന്ന് മുതൽ ദക്ഷിണ റെയിൽവേ എട്ട് പാഴ്സൽ ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 15ന് പതിവു പോലെ ജോലിക്കെത്തണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളിലും അഞ്ചു ദിവസത്തെ ബുക്കിംഗ് ഫുള്ളാണ്. യാത്രക്കാർ ഓൺലൈൻ വഴി ബുക്ക് ചെയ്യുകയായിരുന്നു. ലോക്ക് ഡൗൺ നീണ്ടു പോയാൽ കാശ് തിരിച്ചു നൽകും.

ചെന്നൈ- തിരുവനന്തപുരം മെയിലിൽ 15ന് ആർ.എ.സിയായിരുന്ന ടിക്കറ്റ് ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിലായി. ചെന്നൈ- തിരുവനന്തപുരം എക്സ്‌പ്രസിൽ ആദ്യ മൂന്നു നാൾ ടിക്കറ്റ് കിട്ടാനില്ല. മറ്റു ദിവസങ്ങളിൽ 150ൽ താഴെ സീറ്റുകൾ മാത്രം. മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിലും സമാന അവസ്ഥയാണ്. മംഗലാപുരം മെയിലിൽ 15, 16, 17 തീയതികളിലും വെയിറ്റിംഗ് ലിസ്റ്റാണ്. മംഗലാപുരം എക്സ്‌പ്രസിൽ 15ന് ടിക്കറ്റ് ലഭ്യമല്ല. 16, 17 തീയതികളിൽ ആർ.എ.സി. ബാക്കി ദിവസങ്ങളിൽ ഇരുനൂറ്റമ്പതോളം ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം. എന്നാൽ സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേക്കുള്ള ട്രെയിനുകളിൽ സീറ്റുണ്ട്. ആദ്യഘട്ടത്തിൽ പ്രതിദിന സർവീസുകൾ മാത്രമേ ഉണ്ടാവൂ.

പാഴ്സൽ സർവീസ് കേരളത്തിൽ

ദിവസവും രാവിലെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് പാഴ്സൽ സർവീസ് ആരംഭിക്കുക. ദക്ഷിണ റെയിൽവേയുടെ മറ്റ് പാഴ്സൽ സർവീസുകളെല്ലാം ചെന്നൈയിൽ നിന്ന് ഡൽഹി,​ കോയമ്പത്തൂർ,​ നാഗർകോവിൽ എന്നിവിടങ്ങളിലേക്കാണ്.