പ്രവാസികൾ മേയ്‌ വരെ കാത്തിരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മരുന്ന് ഇന്ത്യയിൽ നിന്നും എത്തിക്കാൻ ആലോചന

Friday 10 April 2020 3:15 PM IST

തിരുവനന്തപുരം: പ്രവാസി മലയാളികളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താൽ ബുദ്ധിമുട്ടുണ്ട്. പ്രവാസികൾ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു.ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

സ്ഥിതി മെച്ചപ്പെടുമ്പോൾ എല്ലാവരെയും തിരികെയെത്തിക്കും. ഫിലിപ്പീൻസിലും മോൾഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി. ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികൾ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇടപെടും. ആവശ്യമെങ്കിൽ മരുന്ന് ഇന്ത്യയിൽ നിന്നു കൊണ്ടുപോകും. വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.