രണ്ടാഴ്ചയ്ക്കിടെ ആറ് പുതിയ ടെക്നോളജികൾ, കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് ശ്രീചിത്ര

Saturday 11 April 2020 12:00 AM IST

തിരുവനന്തപുരം : ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും. പ്രതിരോധം, രോഗനിർണയം, ചികിത്സ തുടങ്ങിയ മേഖലകളിൽ സഹായകരമാകുന്ന നിരവധി യന്ത്രങ്ങളുടെ ടെക്നോളജിയാണ് ഇതിനോടകം വികസിപ്പിച്ചത്.

10ഓളം സാങ്കേതിക വിദ്യകൾ കണ്ടെത്തുകയെന്ന ദൗത്യമാണ് ശ്രീചിത്രയിലെ ഗവേഷകർ ഏറ്റെടുത്തിരിക്കുന്നത്. വികസിപ്പിക്കുന്ന ടെക്നോളജി ഉടനടി കമ്പനികൾക്ക്‌ കൈമാറുകയാണ്. രണ്ടാഴ്ചയ്ക്കിടെ ആറു ടെക്നോളജികളാണ് വികസിപ്പിച്ചത്. ടെക്നോളജി ട്രാൻസ്ഫ‌ർ ചെയ്യുമ്പോൾ സാധാരണ ഈടാക്കുന്ന ഫീസ് ഒഴിവാക്കിയാണ് കമ്പനികൾക്ക് നൽകുന്നതെന്നും സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന ടെക്നോളജികൾക്ക് തുടർന്ന് റോയൽറ്റി ഫീസും ഈടാക്കില്ലെന്നും ശ്രീചിത്ര ഡയറക്ർ ഡോ. ആശാകിഷോർ പറഞ്ഞു.

എ.എം.ബി.യു വെന്റിലേറ്റർ

ആർട്ടിഫിഷ്യൽ മാന്വൽ ബ്രീത്തിംഗ് യൂണിറ്റ് (AMBU) അടിസ്ഥാനമാക്കിയുള്ള എമർജൻസി വെന്റിലേറ്റർ സിസ്റ്റമാണിത്. ശ്വാസം എടുക്കാൻ കഴിയാത്ത അല്ലെങ്കിൽ ശ്വാസം മുട്ടുള്ള രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനുള്ള കൈകളിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണ് എ.എം.ബി.യു ബാഗ്.

ഡിസ്ഇൻഫക്ഷൻ ഗേറ്റ്‌വേ

വ്യക്തികളെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമാണ് ശ്രീചിത്ര ഡിസ്ഇൻഫക്ഷൻ ഗേറ്റ്‌വേ. ഹൈഡ്രജൻ പെറോക്‌സൈഡ് പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം, അൾട്രാവയലറ്റ് അടിസ്ഥാന അണുനശീകരണ ഉപകരണം എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ഹൈഡ്രജൻ പെറോക്‌സൈഡ് പുക വ്യക്തിയുടെ ശരീരം, കൈകൾ, വസ്ത്രങ്ങൾ എന്നിവ അണുവിമുക്തമാക്കുമ്പോൾ ചേംബറിലെ കീടാണുക്കളെ നശിപ്പിക്കുകയാണ് അൾട്രാവയലറ്റ് അടിസ്ഥാന സംവിധാനത്തിന്റെ ജോലി.

സ്വാബ് കളക്ഷൻ ബൂത്ത്

കൊവിഡ്19 ബാധ സംശയിക്കുന്നവരുമായി നേരിട്ടിടപഴകാതെ അവരുടെ തൊണ്ടയിൽ നിന്ന് സ്രവം ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് സ്വാബ് കളക്ഷൻ ബൂത്ത്. ടെലിഫോൺ ബൂത്തിന് സമാനമായ സംവിധാനത്തിന് അകത്തിരുന്ന് ആരോഗ്യപ്രവർത്തകർക്ക് സ്രവം ശേഖരിക്കാം. ലൈറ്റ്, ഫിൽറ്ററോട് കൂടിയ ഫാൻ, പ്ലാറ്റ്‌ഫോം, അൾട്രാവയലറ്റ് ലൈറ്റ് എന്നിവ ബൂത്തിനകത്ത് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ അകത്ത് കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും ബൂത്ത് അണുവിമുക്തമാക്കുന്നതിനാണ് അൾട്രാവയലറ്റ് ലൈറ്റ്. സ്രവം ശേഖരിക്കുന്നതിന് മുമ്പും ശേഷവും കൈയുറയുടെ പുറംഭാഗം ബൂത്തിന് പുറത്ത് സജ്ജീകരിച്ചിട്ടുള്ള ആൽക്കഹോൾ അടിസ്ഥാന അണുനാശിനി ഉപയോഗിച്ച് ആരോഗ്യപ്രവർത്തകർക്ക് തന്നെ അണുവിമുക്തമാക്കാം.

യുവി ബേസ്ഡ് ഫെയ്‌സ് മാസ്‌ക് ഡിസ്‌പോസൽ ബിൻ

ഉപയോഗിച്ച ശേഷമുള്ള മാസ്കുകൾ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമാണിത്. ചിത്ര യുവി ബേസ്ഡ് ഫെയ്‌സ് മാസ്‌ക് ഡിസ്‌പോസൽ ബിൻ' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഉപയോഗശേഷം മുഖാവരണങ്ങൾ നിക്ഷേപിക്കാൻ അൾട്രാ വയലറ്റ് കിരണങ്ങൾ ഉപയോഗപ്പെടുത്തി സജ്ജീകരിച്ചിട്ടുള്ള ചവറ്റുകൊട്ടയാണിത്.

അക്രിലോസോർബ്
അണുബാധയുള്ളവരുടെ ശ്വസനനാളീ സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാണ് അക്രിലോസോർബ് തയ്യാറാക്കിയിരിക്കുന്നത്. വൻതോതിൽ ശരീരസ്രവങ്ങൾ ആഗിരണം ചെയ്ത് അണുനശീകരണം നടത്താൻ കഴിയുന്ന പദാർത്ഥമാണ് അക്രിലോസോർബ്.

അണുവിമുക്ത പരിശോധനാ ബൂത്ത്

കൊവിഡ് രോഗികളെ പരിശോധിക്കാൻ, അണുവിമുക്തമാക്കാവുന്ന പരിശോധന ബൂത്താണിത്.

പരസ്പര സമ്പർക്കം ഒഴിവാക്കി രോഗവ്യാപനം തടയാൻ ടെലിഫോൺ ബൂത്തിന്റെ മാതൃകയിൽ എല്ലാ ഭാഗവും അടച്ച രീതിയിലാണ് ബൂത്തുകൾ നിർമിച്ചിരിക്കുന്നത്.