ഇ.പി.എഫ് പെൻഷൻകാരെ സഹായിക്കണം : ഫോറം

Saturday 11 April 2020 12:00 AM IST

കൊച്ചി : ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇ.പി.എഫ് പെൻഷൻകാർക്ക് കൊവിഡ് -19 ആശ്വാസ ധനസഹായമായി 3000 രൂപ വീതം അനുവദിക്കണമെന്ന് ആൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്സ് ആൻഡ് പെൻഷണേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. രോഗ ഭീഷണിയെത്തുടർന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വിവിധ വിഭാഗം ജീവനക്കാർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തുച്ഛമായ തുക ലഭിക്കുന്ന ഇ.പി.എഫ് പെൻഷൻകാരെ സർക്കാരുകൾ പരിഗണിച്ചില്ലെന്നും ഫോറം രക്ഷാധികാരിയായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, പ്രസിഡന്റ് ജോർജ് സ്റ്റീഫൻ എന്നിവർ വ്യക്തമാക്കി. ഇ.പി.എഫ് പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 15 വർഷം കഴിഞ്ഞവർക്ക് മുഴുവൻ പെൻഷനും പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽമന്ത്രിക്കും നിവേദനം നൽകിയെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.