കാസർകോട്ട് 15 പേർക്ക് കൂടി കൊവിഡ് ഭേദമായി

Saturday 11 April 2020 12:57 AM IST
കൊവിഡ് രണ്ടാംഘട്ടത്തിൽ ആദ്യമായി രോഗം ബാധിച്ച കാസർകോട് കളനാട് സ്വദേശി ഫറാഷ് ഇന്നലെ ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും യാത്രയയപ്പ് നൽകുന്നു

കാസർകോട്: കൊവിഡ് ബാധിച്ച കൂടുതൽ പേർ രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് അകാൻ തുടങ്ങിയതോടെ സമൂഹവ്യാപന ആശങ്കയൊഴിഞ്ഞ് കാസർകോട് ജില്ല. 15 പേരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത ജില്ലയിൽ 160 പേരാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. 22 പേർക്ക് രോഗം ഭേദമായി.

കാസർകോട് ജനറൽ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേർ വീതവും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് പേരുമാണ് ഇന്നലെ ആശുപത്രി വിട്ടത്. കൊവിഡ് ബാധയുടെ രണ്ടാം ഘട്ടത്തിൽ അസുഖം പിടിപെട്ടവർക്കാണ് ഭേദമായത്. കാസർകോട് ജില്ലക്കാരായ 138 പേർ വിവിധ ആശുപത്രികളിലുണ്ട്.

ഇതുവരെ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 10 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഒരാളും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എട്ടുപേരും ഡിസ്ചാർജ് ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു. 554 സാമ്പിളുകളുടെ റിസൾട്ട് വരാനുണ്ടെങ്കിലും ഇതിൽ കൂടുതൽ പേരുടെയും ഫലം നെഗറ്റീവ് ആകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.