പ്രതികൾ ഓൺലൈനിൽ : കോടതി ഹാജർ വയ്ക്കും

Saturday 11 April 2020 2:24 AM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജയിൽ വകുപ്പിനെയും ജുഡീഷ്യറിയെയും ബന്ധിപ്പിച്ചുള്ള ഓൺലൈൻ സംവിധാനം ശക്തം. മാർച്ച് 26 മുതലുളള 12 ദിവസങ്ങളിൽ 959 പ്രതികളെ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതികളിൽ ഹാജരാക്കി.

വീട്ടിലിരുന്ന് ഡ്യൂട്ടി നിർവഹിച്ച ജുഡീഷ്യൽ ഓഫീസർമാർക്കു വലിയ സഹായമായിത്തീർന്ന പീപ്പിൾ ലിങ്ക് വഴി സ്മാർട്ട് ഫോൺ ഉപയോഗിച്ച് 1270 പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കി. പാലക്കാട് ജില്ലാ ജയിൽ 204, കോഴിക്കോട് ജില്ലാ ജയിൽ 195 വീതമാണിത്.. വാട്ട്സാപ്പ് വഴി 394 പ്രതികളെ ഹാജരാക്കി.

പ്രതികളെ കോടതികളിൽ നേരിട്ട് ഹാജരാക്കുന്നതിന് പകരമുള്ള വീഡിയോ കോൺഫറൻസിംഗ് ജനുവരി 10നാണ് തുടങ്ങിയത്. ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കാനുദ്ദേശിച്ച പദ്ധതി അഞ്ചു ജില്ലകളിൽ പൂർണ്ണമായി. ഒമ്പതു ജില്ലകളിലെ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ബാധയുണ്ടായത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയിൽവകുപ്പിന് നൽകിയ ഉത്തരവിൽ പരമാവധി വീഡിയോ കോൺഫറൻസിംഗ് ഉപയോഗപ്പെടുത്തണമെന്നും അത്തരം സൗകര്യങ്ങളില്ലാത്തിടങ്ങളിൽ കമ്പ്യൂട്ടർ ലാപ്പ്‌ടോപ്പ് മൊബൈൽ ഫോൺ വഴി തടവുകാരെ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. .


'തടവുകാരെ ഹാജരാക്കാൻ മാത്രമല്ല ഭാവിൽ വിചാരണ ഉൾപ്പെടെയുളള കോടതി നടപടികൾ നിർവ്വഹിക്കാനും ജയിലുകളും കോടതികളും തമ്മിലുള്ള ഓൺലൈൻ സംവധാനത്തിലൂടെ സാധിക്കും'.


-ഋഷിരാജ് സിംഗ്

ജയിൽ മേധാവി