പ്രത്യാശ പകർന്ന് ഇന്ന് ഈസ്റ്റർ

Sunday 12 April 2020 12:00 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആചരിക്കും. ലോകത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങി കുരിശിൽ മരിച്ച യേശുദേവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയാണ് ഈസ്റ്റർ. 50 ദിവസം നീണ്ട നോമ്പിനും ഇന്ന് പരിസമാപ്തിയാകും. അടച്ചിട്ട ദേവാലയങ്ങളിൽ പുരോഹിതനടക്കം അഞ്ചു പേരിൽ താഴെയാളുകൾ മാത്രം പങ്കെടുത്താണ് ചടങ്ങുകൾ നടക്കുന്നത്. പ്രാർത്ഥനകൾ വീട്ടിലിരുന്ന് ഓൺലൈനായി കാണുന്നതിനായി പള്ളികളുടെയും സഭകളുടെയും നേതൃത്വത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

ലത്തീൻ അതിരൂപതയിലെ പള്ളികളിൽ ഇന്നലെ (ശനി) രാത്രി 11ഓടെ ഉയിർപ്പ് ക‌ർമ്മങ്ങൾ ആരംഭിച്ചു. മറ്റ് സഭകളിലെ പള്ളികളിൽ ഇന്ന് പുലർച്ചെ നടക്കേണ്ട ചടങ്ങുകൾ രാവിലെ മാത്രമായി പരിമിതപ്പെടുത്തി.

കൊവിഡ് ഭീതിയിലാണ് രാജ്യങ്ങളെന്നും രോഗത്തിന്റെ മേലും മരണത്തിന്റെ മേലും അധികാരമുള്ള ദൈവത്തിൽ നമുക്ക് അഭയപ്പെടാമെന്നും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഈസ്റ്റ‌ർ സന്ദേശത്തിൽ പറഞ്ഞു.