കൊവിഡ്: 40,000 കോടിയുടെ കരുതലോടെ മുന്നിൽ കേരളം
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിൽ മാത്രമല്ല, ലോക്ക് ഡൗണിൽ വരുമാനമില്ലാതെ ദുരിതത്തിലായ ജനങ്ങൾക്ക് കരുതലൊരുക്കുന്നതിലും കേരളം മുന്നിൽ. കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകിയതിനു പുറമെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും 1000 മുതൽ 5000 രൂപ വരെ വിവിധ സഹായങ്ങളും നൽകി. മൊത്തം 40,000 കോടിയോളം രൂപയുടെ സാമ്പത്തിക പാക്കേജ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കനത്ത പാക്കേജാണ് ഇത്.
പ്രളയവും ജി.എസ്.ടിയും വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇത്രയും ബൃഹത്തായ കൊവിഡ് പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. മഹാരാഷ്ട്രയും തെലങ്കാനയും രാജസ്ഥാനും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും തവണകളാക്കിയും കടുത്ത നടപടികൾ സ്വീകരിച്ചപ്പോഴാണ് ഇത്. വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഇതുമൂലം വരികയെങ്കിലും രാജ്യത്ത് സാമൂഹ്യ സുരക്ഷയിൽ കേരളം മാതൃകയായി.
കേരളം നൽകിയത്
ശമ്പളം: 2600 കോടി, പെൻഷൻ: 1400 കോടി, സാമൂഹ്യക്ഷേമ പെൻഷൻ: 8300 കോടി, കുടുംബശ്രീ വഴി വായ്പ: 2000 കോടി, ഭക്ഷ്യധാന്യ വിതരണം: 100 കോടി, വിശപ്പുരഹിത പദ്ധതി: 50 കോടി, പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കുടിശിക വിതരണം: 14,000 കോടി, കൊവിഡ് തൊഴിലുറപ്പ് പദ്ധതി: 2000 കോടി, ആട്ടോ ടാക്സി നികുതിയൊഴിവ്: 23 കോടി, വിനോദനികുതി ഒഴിവ്: 16 കോടി, തദ്ദേശ സ്ഥാപനങ്ങൾക്ക് വിഹിതം: 1646 കോടി, കമ്മ്യൂണിറ്റി കിച്ചൺ: 23 കോടി, ഖാദി, അബ്കാരി തൊഴിലാളികൾക്ക്: 26 കോടി, ക്ഷേമനിധികളിലൂടെ സഹായം: 400 കോടി, ക്ഷീര കർഷകർക്ക്: 4 കോടി, തോട്ടം, കശുഅണ്ടി തൊഴിലാളികൾക്ക്:19 കോടി, ആരോഗ്യ പാക്കേജ്: 500 കോടി. ഇവയ്‌ക്കു പുറമെ ജി.എസ്.ടി, മദ്യം, ലോട്ടറി നികുതി പിരിവ് നിറുത്തി വച്ചതിലൂടെ 6000 കോടിയുടെ വരുമാന നഷ്ടവും ജനങ്ങൾക്കായി സർക്കാർ വഹിച്ചു.
ആകെ: 39,104 കോടി
വിവിധ സംസ്ഥാനങ്ങൾ നൽകിയത്
ഡൽഹി: ഉച്ചയ്ക്കും വൈകിട്ടും സൗജന്യഭക്ഷണം, ഡ്രൈവർമാർക്ക് 5000 രൂപയുടെ പ്രത്യേക സഹായം, സാമൂഹ്യക്ഷേമ പെൻഷൻ ഇരട്ടിയാക്കി. റേഷൻ വിതരണം സൗജന്യമാക്കി.
ഒഡിഷ: മൂന്നു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂറായി നൽകി, 22 ലക്ഷം തൊഴിലാളികൾക്ക് 1500 രൂപയുടെ സഹായം
രാജസ്ഥാൻ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കെല്ലാം 1000 രൂപയും സൗജന്യ റേഷനും
ബംഗാൾ: രണ്ടു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂറായി നൽകി. തൊഴിലാളികൾക്കെല്ലാം സൗജന്യ ഉച്ചഭക്ഷണം, ഉച്ചഭക്ഷണമുള്ള കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷണവസ്തുക്കൾ,78 ലക്ഷം പേർക്ക് ആറു മാസം സൗജന്യ റേഷൻ,
കർണാടക: രണ്ടു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂർ. റേഷൻ സൗജന്യം, ഉച്ചഭക്ഷണ കിറ്റുകൾ വീട്ടിലെത്തിച്ചു.
പഞ്ചാബ്: തൊഴിലാളികൾക്ക് 10 കിലോ വീതം മാവ്, രണ്ടു കിലോ പഞ്ചസാരയും പരിപ്പും അടങ്ങിയ കിറ്റ് സൗജന്യം,
തമിഴ്നാട്: 3280 കോടിരൂപയുടെ സാമ്പത്തിക പാക്കേജ്, തൊഴിലാളികൾക്ക് 1000 രൂപ വീതം, 15 കിലോ അരി, ഒാരോ കിലോ പഞ്ചസാര,എണ്ണ, പരിപ്പ് അടങ്ങിയ കിറ്റ്, സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക തീർത്തു നൽകി.
ഛത്തിസ്ഗഢ്: തൊഴിലാളികൾക്കെല്ലാം റേഷൻ സൗജന്യം, ഉച്ചഭക്ഷണം.
ഗുജറാത്ത്: 60 ലക്ഷം പേർക്ക് റേഷൻ സൗജന്യം,15 കിലോ അരിയും 3.5 കിലോ മാവും, പരിപ്പ്, പഞ്ചസാര, എണ്ണ എന്നിവയടങ്ങിയ കിറ്റും സൗജന്യം.