കൊലുമ്പൻ രാഘവൻ നിര്യാതനായി
തൊടുപുഴ: ഇടുക്കി ഡാം നിർമ്മിക്കാൻ സ്ഥലം കാണിച്ചുകൊടുത്ത കൊലുമ്പന്റെ വംശ പരമ്പരയിലുള്ള കൊലുമ്പൻ രാഘവൻ (76) നിര്യാതനായി. അവിവാഹിതനാണ്. നാടുകാണി സ്വദേശിയായ രാഘവൻ മുടി വെട്ടിയിട്ട് 25 വർഷമായിരുന്നു. മുടി ജടപിടിച്ചതിനാൽ അവ തലയിൽ ചുറ്റിക്കെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത്. എട്ടടിയോളം നീളത്തിലുള്ള ജഡ പിടിച്ച മുടിയാണ് രാഘവനെ വ്യത്യസ്തനാക്കുന്നത്. മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളിൽ ഒരു തോർത്തും കെട്ടിയാണ് നടപ്പ്. ആദിവാസികളുടെ പരമ്പരാഗത ജീവിത രീതിയിലാണ് രാഘവൻ ജീവിച്ചുപോന്നത്. മൂലമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിരിക്കുന്ന ഭാഗം ആദിവാസിക്കുടിയായിരുന്നു. അന്ന് അവിടെയായിരുന്നു രാഘവന്റെ കുടുംബക്കാർ താമസിച്ചിരുന്നത്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോൾ ഇവർ നാടുകണി പുത്തടം എന്ന സ്ഥലത്തേക്കു മാറി. ഒരേക്കർ സ്ഥലത്ത് കാപ്പിക്കൃഷിചെയ്താണ് ജീവിച്ചുപോന്നത്.