പ്രവാസികളെ പാർപ്പിക്കാൻ സൗകര്യമൊരുക്കും :കാന്തപുരം
Sunday 12 April 2020 1:38 AM IST
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനായാൽ അവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മർകസ് സ്ഥാപനങ്ങളും സുന്നി കെട്ടിടങ്ങളും വിട്ടുനൽകുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ അറിയിച്ചു. എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരിലൂടെ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗൺ കഴിഞ്ഞയുടൻ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെ കാര്യം മുൻഗണനയോടെ പരിഗണിക്കാൻ മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രവാസി ഇന്ത്യക്കാർക്ക് പര്യാപ്തമായ സ്ഥലങ്ങളിൽ നിരീക്ഷണ സൗകര്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.