പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം: കെ.എം. ഷാജി
കോഴിക്കോട്: പേടിപ്പിച്ച് മറ്റുളളവരെ നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്നും, പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും കെ.എം.ഷാജി എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നേർച്ചപ്പെട്ടിയിൽ ഇടുന്നതല്ല. സർക്കാരിന് കൊടുക്കുന്നതാണ്.. അതേപ്പറ്റി ചോദിക്കുന്നതാണോ തെറ്റ്?. എനിക്ക് വികൃത മനസ്സാണെന്നാണ് പിണറായി പറയുന്നത്. അത് ജനങ്ങൾ തീരുമാനിക്കട്ടെ. സ്‌പ്രിംഗ്‌ളർ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രകോപനത്തിന് കാരണം. കൊവിഡ് കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ?.മൂക്കിന്റെ തുമ്പ് വരെ പ്രളയജലമെത്തിയാലും രാഷ്ട്രീയം പറയും. ദുരിതാശ്വാസ നിധിയിൽ നിന്ന് സി.പി.എമ്മിന്റെ ഒരു എം.എൽ.എയ്ക്കും ഒരു ഇടതു നേതാവിനും പണം നൽകിയിട്ടുണ്ട്. ബാങ്കിലെ കടം തീർക്കാൻ ലക്ഷങ്ങളാണ് നൽകിയത്. ഗ്രാമീണ റോഡുകൾ നന്നാക്കാൻ ആയിരം കോടി രൂപ ചെലവഴിച്ചു.
രണ്ടു കോടി രൂപയാണ് ഷുക്കൂർ - ഷുഹൈബ് കൊലക്കേസുകളിലെ പ്രതികൾക്കു വേണ്ടി വാദിക്കാൻ അഡ്വ.രജിത് കുമാറിന് സർക്കാർ നൽകിയത്. ഔദ്യോഗികരേഖ എന്റെ കൈയ്യിലുണ്ട്. ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ഫീസുള്ള വക്കീലാണ് രജിത് കുമാർ. മുഖ്യമന്ത്രി പറയുന്നത് അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ലെന്നാണ്. എങ്കിൽ പിന്നെ എവിടെ നിന്നാണ് ആ പണം കൊടുത്തത്?.പ്രളയമല്ല, കൊവിഡല്ല, അതിന്റെ അപ്പുറത്തുളള ദുരന്തം വന്നാലും അരിയിൽ ഷുക്കൂറിന്റെയും ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഷുഹൈബിന്റെയും ഉമ്മമാരുടെ കണ്ണീരിന്റെയത്രയും വരില്ല.പ്രളയ ദുരിതാശ്വാസ ഫണ്ടായി 8000 കോടിയാണ് ലഭിച്ചത്. ഇതിൽ ചെലവഴിച്ചത് രണ്ടായിരം കോടി മാത്രം- ഷാജി പറഞ്ഞു.