വിമർശനമുണ്ടാവാതെ കേരളമുണ്ടാവില്ല: കുഞ്ഞാലിക്കുട്ടി

Friday 17 April 2020 1:10 AM IST

മലപ്പുറം: ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജിയുടെ പ്രതികരണത്തോട് മുഖ്യമന്ത്രിക്ക് പ്രകോപനമുണ്ടാവേണ്ട കാര്യമില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഷാജിയുടെ വിമർശനം ആരോഗ്യപരമായി കാണണമായിരുന്നു. വികല മനസുകൊണ്ടല്ല വിമർശനമുന്നയിക്കുന്നത്. പ്രതിപക്ഷ പ്രവർത്തനം സന്ധിചെയ്യുന്ന പ്രശ്‌നമില്ല. പേടിച്ചിട്ടല്ല സർക്കാരുമായി സഹകരിക്കുന്നത്. വിമർശനമുണ്ടാവാതെ കേരളമുണ്ടാവില്ല. കൊവിഡിനിടെ യൂത്ത് ലീഗിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ ശ്രമിച്ചു. പ്രളയത്തിലെയും ഓഖിയിലെയും ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. പഴയ പോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് ഷാജി അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ പോസ്റ്റിട്ടത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടാൽ മതി.-കുഞ്ഞാലികുട്ടി പറഞ്ഞു.