ബി.ജെ.പി സംഘം ഗവർണറെ കണ്ടു

Friday 17 April 2020 1:14 AM IST

തിരുവനന്തപുരം: കൊവിഡ് 19 ബാധിതരുടെ ബയോമെട്രിക്കൽ വിവരങ്ങൾ ശേഖരിക്കാൻ വിദേശക്കമ്പനിയായ സ്‌പ്രിൻക്ളറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. കരാർ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും കരാറിലെ വ്യവസ്ഥകൾ ഏറിയകൂറും പൗരാവകാശങ്ങൾ ഹനിക്കുന്നതും ഭരണഘടനയ്ക്ക് എതിരുമാണെന്നും കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണ പൗരന്മാർ വരെയുള്ളവരുടെ രഹസ്യവിവരങ്ങളും സുരക്ഷയും അപകടപ്പെടുത്തുന്നതാണ് കരാർ. സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.