കൊവിഡ് 19 പ്രതിരോധം: ചീഫ് സെക്രട്ടറി മാദ്ധ്യമ എഡിറ്റർമാരുമായി ചർച്ച നടത്തി

Tuesday 21 April 2020 12:37 AM IST

തിരുവനന്തപുരം: കൊവിഡ്19 സാഹചര്യത്തിൽ പൊതുവായ വിഷയങ്ങളും വ്യാജവാർത്തകളും സംബന്ധിച്ച് ചർച്ച ചെയ്യാൻ മാദ്ധ്യമ എഡിറ്റർമാരുമായി ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ യോഗം ചേർന്നു. സംസ്ഥാനത്തെ മാദ്ധ്യമ സ്ഥാപനങ്ങളിലെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാർ നേരിട്ടും വീഡിയോ കോൺഫറൻസിലൂടെയും ചർച്ചയിൽ പങ്കെടുത്തു.
കൊവിഡ്19 പ്രതിരോധവുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രതിരോധിക്കാനും സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ചീഫ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. സർക്കാർ നടപടികളോട് പൂർണ സഹകരണം പ്രഖ്യാപിച്ച മാദ്ധ്യമ എഡിറ്റർമാർ ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.
വ്യാജവാർത്തകൾ ലഭിച്ചാലുടൻ ആന്റി ഫേക് ന്യൂസ് ഡിവിഷൻ മുഖേന വ്യക്തത വരുത്തി നൽകുന്നത് പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏകീകൃത കേന്ദ്രത്തിൽ നിന്ന് അപ്‌ഡേഷനുകൾ ലഭിക്കുന്ന കാര്യവും ശ്രദ്ധിക്കും. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും.
ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഐ.പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ യു.വി. ജോസ്, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി തുടങ്ങിയവർ പങ്കെടുത്തു.