കോട്ടയം : രാവിലെ തിരക്ക്, പിന്നീട് ശാന്തം

Tuesday 21 April 2020 12:02 AM IST

കോട്ടയം: ഗ്രീൻ സോണായതിനാൽ ഇന്നലെ മുതൽ ഇളവുകളുണ്ടാകുമെന്ന് സർക്കാരും അതല്ല, ഇന്ന് മുതലേ ഇളവുകളുള്ളൂവെന്ന് ജില്ലാ കളക്ടറും പറഞ്ഞപ്പോൾ ജനം ആകെ കൺഫ്യൂനിലായി. രാവിലെ അവർ വാഹനങ്ങളുമായി കൂട്ടത്തോടെയിറങ്ങി. നിരത്തിൽ പൊലീസുമില്ലായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം നിയന്ത്രണം തുടങ്ങി. കൊവിഡിനെ പേടിച്ചല്ല,​ പൊലീസിനെ പേടിച്ചാണ് ഇതുവരെ കോട്ടയത്തുകാർ വീട്ടിലിരുന്നതെന്ന് ഇതോടെ വ്യക്തമായി!

ചന്തയിലെ എല്ലാകടകളിലും പതിവിലും കവിഞ്ഞ തിരക്കായിരുന്നു. ആളുകളെ നിയന്ത്രിച്ചാണ് മുമ്പ് കടകളിൽ കയറ്റിയിരുന്നതെങ്കിൽ ഇന്നലെ അതുണ്ടായില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസുമില്ലായിരുന്നു.

വൻകിട വസ്ത്രശാലകളും ജ്വല്ലറികളും തുറന്നില്ലെങ്കിലും ചെറുകിട സ്ഥാപനങ്ങളെല്ലാം തുറന്നു. നഗരത്തിലെ ഹോട്ടലുകൾ തുറന്നില്ല. ഗ്രാമപ്രദേശങ്ങളിൽ രാവിലെ തുറന്ന ഹോട്ടലുകളും ബാർബർ ഷോപ്പുകളും ഉച്ചയോടെ അടച്ചു. വർക് ഷോപ്പുകളിലും ടയർകടകളിലും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. വാഹന ഷോറൂമുകളും തുറന്നു. ഇന്ന് തുറക്കുന്ന സർക്കാർ ഓഫീസുകൾ കോട്ടയം ഫയർ ഫോഴ്സ് ടീം അണുവിമുക്തമാക്കി. ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ തിരുവാർപ്പിലും വെളിയന്നൂരും നാളെ മുതൽ നേരിയ നിയന്ത്രണമുണ്ടാകും. എന്നാൽ, ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയ ഈരാറ്റുപേട്ടയിലും അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പായിപ്പാട്ടും അടുത്തമാസം മൂന്നുവരെ നിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു.