മുഖ്യമന്ത്രിക്കെതിരെ പൊളിറ്റിക്കൽ സാഡിസം: ജി. സുധാകരൻ

Tuesday 21 April 2020 12:24 AM IST

ആലപ്പുഴ: സ്പ്രിൻക്ളർ ഇടപാടിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ള നീക്കം സംഘടിതപ്രതിപക്ഷങ്ങളുടെ പൊളിറ്റിക്കൽ സാഡിസമാണെന്ന് ഫേസ്ബുക്കിൽ മന്ത്രി ജി. സുധാകരന്റെ വിമർശനം. മുഖ്യമന്ത്രിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

' കൊവിഡിനെ നേരിടാൻ കഴിയാതെ അമേരിക്കൻ - യൂറോപ്യൻ സാമ്രാജ്യങ്ങളിലെ ഭരണാധികാരികൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളം കൊറോണയെ കീഴടക്കുന്ന അന്തിമ പോരാട്ടത്തിലേക്ക് വിജയകരമായി കടക്കുന്ന കാഴ്ച അത്ഭുതാദരങ്ങളോടെ ലോകം വീക്ഷിക്കുന്നു. സ്പ്രിൻക്ലറിന്റെ കാര്യത്തിൽ അദ്ദേഹം പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഭരണത്തെ ദുരുപയോഗപ്പെടുത്താതെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വന്തമായി ഒരു തൊഴിൽ മേഖല പടുത്തുയർത്തിയ, മുഖ്യമന്ത്രിയുടെ മകളെ ഈ വിവാദത്തിലേക്ക് നീതിശൂന്യവും ദയാശൂന്യവുമായി വലിച്ചിഴച്ചത് ന്യായീകരിക്കപ്പെടുന്നില്ല" ജി.സുധാകരൻ ഫേസ് ബുക്കിൽ എഴുതി.