ഡാറ്റാ ശേഖരണം: ഭിന്ന സ്വരങ്ങളുമായി സി.പി.എം, സി.പി.ഐ മുഖപത്രങ്ങൾ

Tuesday 21 April 2020 12:33 AM IST

തിരുവനന്തപുരം: സ്‌പ്രിൻക്ലർ കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരശേഖരണ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ചും, പ്രതിപക്ഷത്തെ കടന്നാക്രമിച്ചും സി.പി.എം മുഖപത്രം. വിവാദത്തിലേക്ക് നേരിട്ട് കടക്കാതെ, വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും നിയമപരമായി സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി സി.പി.ഐ മുഖപത്രം. ഡാറ്റാചോരണം സംബന്ധിച്ച ഇടതുപക്ഷ നിലപാടിൽ സി.പി.എം മുഖപത്രം മൗനം പാലിക്കുമ്പോൾ, സി.പി.ഐ മുഖപത്രം നടത്തുന്നത് ഇടതുനിലപാട് ഉയർത്തിപ്പിടിച്ചുള്ള ഓർമ്മപ്പെടുത്തലാണ്.

വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂർവമോ അല്ലാതെയോ ചോർത്തുന്നത് ബന്ധപ്പെട്ട വ്യക്തിയെയും സമാഹരിക്കുന്ന സ്ഥാപനത്തെ അല്ലെങ്കിൽ സർക്കാരിനെയും പ്രതികൂലമായി ബാധിക്കാവുന്നതാണെന്ന് മുഖപ്രസംഗത്തിൽ സി.പി.ഐ മുഖപത്രം ചൂണ്ടിക്കാട്ടുന്നു. അത് ഡാറ്റാ സമാഹരണം നടത്തുന്ന സ്ഥാപനത്തിനും അതിലുൾപ്പെട്ട വ്യക്തിക്കും കടുത്ത സാമ്പത്തിക നഷ്ടങ്ങൾക്കുൾപ്പെടെ കാരണമായേക്കാം. വിവര സ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ, നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ വിവര സമ്പദ്ഘടനയുടെ ഈ യുഗത്തിലെങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണനയർഹിക്കുന്നുവെന്നും...

അതേ സമയം,അമേരിക്ക പോലും പകച്ചുനിൽക്കുമ്പോൾ കൊവിഡ് മഹാമാരിയെ തടയുന്നതിൽ കേരളം ഒരു പരിധി വരെ വിജയിച്ചതോടെ പ്രതിപക്ഷത്തിന് ഉറക്കം നഷ്ടമായെന്നും അതിലുള്ള വിഷമവും കുശുമ്പുമാണ് വിവാദത്തിന് അടിസ്ഥാനമെന്നുമാണ് സി.പി.എം മുഖപത്രത്തിന്റെ കുറ്റപ്പെടുത്തൽ. കൊവിഡിനെ നേരിടണമെങ്കിൽ വിപുലമായ വിവരശേഖരണവും അതിന്റെ വിശകലനവും ആവശ്യമായിരുന്നു. രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക് ഉയരുന്ന പക്ഷം അവ കൈകാര്യം ചെയ്യാൻ പ്രൊഫഷണലായ ഐ.ടി സംവിധാനം അനിവാര്യമാണ്. വിപുലമായ വിവരങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. അതിന് സൗജന്യസേവനം വാഗ്ദാനം ചെയ്ത് മലയാളി വന്നപ്പോൾ ഐ.ടി വകുപ്പ് അത് സ്വീകരിച്ചു. ലോകാരോഗ്യസംഘടന വരെ സേവനം സ്വീകരിക്കുന്ന സ്‌പ്രിൻക്ലർ കമ്പനിയെയാണ് അതിന് തിരഞ്ഞെടുത്തത്. പ്രതിപക്ഷം സംശയമുന്നയിച്ച ഘട്ടത്തിൽ തന്നെ കരാർ സംബന്ധിച്ച വിവരങ്ങളെല്ലാം സർക്കാർ പുറത്തുവിട്ടത്, സുതാര്യമായാണ് കരാറിൽ ഏർപ്പെട്ടതെന്നതിന്റെ വിളംബരമാണെന്നും സി.പി.എം മുഖപത്രം വിശദീകരിക്കുന്നു.