മറക്കരുത് പ്രകൃതിയെ ; സഹജീവി സ്നേഹവും
ബിസിനസിന്റെ തിരക്കിനിടയിൽ ടി.എസ്. പട്ടാഭിരാമൻ രാവിലത്തെ ഷട്ടിൽ കളി ഉപേക്ഷിച്ചത് 40 വർഷം മുമ്പാണ് . ഇപ്പോൾ ലോക്ക് ഡൗണിൽ ചെറുമകൻ ലക്ഷ്മണന് ഒരേ നിർബന്ധം മുത്തച്ഛനൊപ്പം ഷട്ടിൽ കളിക്കണം. ആ പതിനൊന്നുകാരൻ തുടർച്ചയായി നിർബന്ധിച്ചപ്പോൾ പട്ടാഭിരാമൻ വീണ്ടും ബാറ്റെടുത്ത് കളിച്ചു തുടങ്ങി. കളിക്കുമ്പോൾ ഓർമ്മകളിൽ ആ പഴയ കാലം കൂടി തിരിച്ചുവരും. ഇപ്പോൾ രാവിലെ പതിവ് നടത്ത കഴിഞ്ഞാൽ ഷട്ടിൽകളിയാണ്. മക്കളും ചെറുമക്കളുമൊക്കെയുണ്ടാകും. പട്ടാഭിരാമൻ (അദ്വൈത്) മീര, ആദിദേവ് (പട്ടാഭിരാമൻ) എന്നിവരാണ് മറ്റ് ചെറുമക്കൾ
''നടത്ത കഴിഞ്ഞ ഉടനെ കളി. സ്റ്റീം ബാത്ത് പോലെ നന്നായി വിയർക്കും. ആരോഗ്യപ്രവർത്തകർ പറയുന്നുമുണ്ടല്ലോ വൈറ്റമിൻ ഡി വേണമെന്ന്. സൂര്യപ്രകാശത്തിൽ നിന്നും അതു വേണ്ടതു പോലെ കിട്ടുകയും ചെയ്യും.'' നിറഞ്ഞ ചിരിയോടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കല്യാൺ സിൽക്സിന്റെ ചെയർമാനും എം.ഡിയുമായ ടി.എസ്. പട്ടാഭിരാമൻ.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യത്തെ കുറച്ചുദിവസം ചെറിയ വിഷമമൊക്കെ തോന്നി. പിന്നെ,കിട്ടുന്നതിൽ സന്തോഷിക്കുകയെന്ന രീതിയിലേക്ക് മനസ് മാറി. എപ്പോഴും തിരക്കുള്ള കച്ചവടക്കാർക്ക് ദൈവം നൽകിയ അനുഗ്രഹമാണീ ദിനങ്ങൾ. കച്ചവടക്കാരാരും സമാധാനമായി അവധി ദിവസങ്ങൾ ആഘോഷിക്കാറില്ല. ബിസിനസ് കുറഞ്ഞാലും കൂടിയാലും ടെൻഷൻ. ലോക്ക് ഡൗൺ വന്ന് സ്ഥാപനങ്ങൾ അടഞ്ഞു കിടന്നാലും സാരമില്ല, ജനത്തിന്റെ ജീവൻ രക്ഷപ്പെട്ടാൽ മതിയെന്നാണ് പ്രാർത്ഥന. ഇപ്പോൾ വീട്ടുകാര്യങ്ങൾക്കെല്ലാം ധാരാളം സമയമുണ്ട്. രാവിലെ കുളി കഴിഞ്ഞാൽ പിന്നെ പൂജയാണ്. വീട്ടിലുള്ള എല്ലാപേരും ഉണ്ടാകും. അതിൽ നിന്നുമൊരു പോസിറ്റീവ് എനർജി കിട്ടും.
സാമ്പത്തിക അച്ചടക്കം നേട്ടമായി
സാമ്പത്തിക അച്ചടക്കം ശീലിച്ചതിന്റെ ഗുണമാണ് അന്നും ഇന്നും. മറ്റുള്ളവരോടും സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് പറയും. അതുകൊണ്ട് ഇപ്പോൾ വലിയ ബാദ്ധ്യതയില്ല. ഞാനായിട്ട് ഒരു ബാദ്ധ്യതയും ഉണ്ടാക്കാത്തതുകൊണ്ട് മക്കൾക്കും ടെൻഷനില്ല. ഒരു രൂപ യുണ്ടെങ്കിൽ 50 പൈസ ഇറക്കിയേ ബിസിനസ് ചെയ്യാറുള്ളൂ.നമ്മുടെ സ്വന്തം പണം കൊണ്ടു മാത്രമേ ബിസിനസ് ചെയ്യാറുള്ളൂ
കൊവിഡ് സാമ്പത്തികമായി എല്ലാവരേയും ബാധിക്കും. ഈയൊരു കൊല്ലം നഷ്ടപ്പെടുകയാണ്. ലോക്ക് ഡൗണിനു മുമ്പുണ്ടായിരുന്ന സാമ്പത്തിക സാഹചര്യം ഓരോ സ്ഥാപനത്തിനും എങ്ങനെയായിരുന്നുവോ അതേ രീതിയിൽ അടുത്ത കൊല്ലവും ഉണ്ടെങ്കിൽ നമ്മൾ ബിസിനസിൽ വിജയിച്ചുവെന്നർത്ഥം.
ഈ കൊല്ലം മറക്കേണ്ടി വരും. ഈ വർഷം പ്ലസുമില്ല, മൈനസുമില്ലാതെ പോയാൽ ബിസിനസുകാരൻ വിജയിച്ചു എന്നു പറയാം. ഏറ്റവും പ്രധാനപ്പെട്ട സീസണായ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് നഷ്ടപ്പെടുന്നത്.ഈ പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൊടുക്കാൻ കഴിഞ്ഞത് സാമ്പത്തിക അച്ചടക്കം ശീലിച്ചതുകൊണ്ടാണ്. പ്രളയം വന്നപ്പോൾ 4 കോടി രൂപയോളം കൊടുത്തു. ഇപ്പോൾ ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളമായ 18 ലക്ഷം കൊടുത്തു. ഇത് ഇ.എസ്.ഐയും പി.എഫും കൂടാതെയുള്ള തുകയാണ്
ജീവനക്കാരെ മറക്കില്ല
ആകെയുള്ള 30 ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. അയ്യായിരം ജീവനക്കാരുണ്ട്. കച്ചവടമില്ലെന്നു കരുതി അവരെ മറക്കാൻ കഴിയില്ലല്ലോ. അവർക്കും കുടുംബങ്ങളുണ്ട്. അതുകൊണ്ടാണ് ശമ്പളത്തിന് മുടക്കം വരുത്താത്തത്. ഷോറൂം മാനേജരുമായി കാര്യങ്ങൾ വാട്സ് ആപ്പ് വഴി ചർച്ചചെയ്യുന്നത് മക്കളാണ്. ഞാൻ മക്കളുമായി സംസാരിക്കും. ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ ബാക്ക് സീറ്റിലേക്ക് മാറി വേണ്ട നിർദേശങ്ങൾ നൽകണം. അതാണ് ഞാനിപ്പോൾ ചെയ്യുന്നത്. മക്കളെ സ്റ്റിയറിംഗ് ഏൽപ്പിച്ചിരിക്കുകയാണ്. അവരെങ്ങനെ കൊണ്ടു പോകുന്നുവെന്നറിയാനും ഉത്തരവാദിത്വം വളർത്താനും അതാണ് നല്ലത്.ദൈവാനുഗ്രഹത്താൽ രണ്ടു പേരും മിടുക്കന്മാരാണ്.
മക്കളായ പ്രകാശ് പട്ടാഭിരാമനും മഹേഷ് പട്ടാഭിരാമനും കല്യാൺ സിൽക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. മരുമക്കളായ വർദ്ധിനി പ്രകാശിനേയും മധുമതി മഹേഷിനേയുമാണ് ഹൈപ്പർ മാർക്കറ്റുകളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഭാര്യ ജാനകി പട്ടാഭിരാമൻ വിട്ടുപിരിഞ്ഞിട്ട് ഈ ജൂണിൽ പത്ത് വർഷമാവും
20-ാം വയസിൽ തുടങ്ങി
ഏറ്റവും ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തു കഴിഞ്ഞാൽ അത് ആസ്വദിച്ചു മുന്നോട്ടു പോകാൻ കഴിയും. എന്റെ കാര്യവും അങ്ങനെ തന്നെയാണ്. വസ്ത്രവ്യാപാരം മുത്തച്ഛൻ ടി.എസ് കല്യാണരാമയ്യർ തുടങ്ങി. അച്ഛൻ ടി.കെ സീതാരാമയ്യർ വലുതാക്കി. ഞാനായിട്ട് വളരെ വലുതാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നാണ് എന്റെ പൂർവികർ തൃശൂരിലെത്തിയത്. മുത്തച്ഛനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും കൂടി സീതാറം സ്പിന്നിംഗ് ആന്റ് വീവിംഗ് മിൽസ് തുടങ്ങി. സമരമൊക്കെ കാരണം അതു പൂട്ടി. ഇരുപതാം വയസിലാണ് എന്നെ കടയിൽ അച്ഛൻ കൊണ്ടിരുത്തുന്നത്.
അന്ന് ബിസിനസ് കുറവാണ്. സ്റ്റാറ്റസ് കാരണം മറ്റ് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഞാൻ വേറെ പണിക്കു പോകാൻ തയ്യാറായപ്പോൾ അച്ഛൻ അനുവദിച്ചില്ല. ശരിയാകും ,ശരിയാകുമെന്നു പറഞ്ഞു. പിന്നെ, വാശി വന്നു ഒന്നുകിൽ നന്നാക്കി എടുക്കണം അല്ലെങ്കിൽ നാടുവിട്ടു പോകണം കഠിനാദ്ധ്വാനം ഫലം കണ്ടു. എന്നെ ഏൽപ്പിക്കുമ്പോൾ ആറു ജീവനക്കാരുള്ള 430 സ്ക്വയർ ഫീറ്റുള്ള കടയായിരുന്നു ഇന്ന് സിൽക് സാരി ഷോറൂം ശ്യംഖലയിൽ നമ്പർ വണ്ണായി മാറി കല്യാൺ സിൽക്സ്. 30ഷോറൂമുകൾ, 5000 ജീവനക്കാർ അത്ര തന്നെ പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടുന്നു. തറവാട് ഷോറൂം മൂന്നാമത്തെ മകനായ എനിക്ക് കിട്ടിയത് ഭാഗ്യമായി. കൊല്ലത്തും ആലപ്പുഴയിലും ഷോറൂമിന്റെ പണി തുടങ്ങി. അതും കൂടി പൂർത്തിയാകുമ്പോൾ കേരളത്തിലെല്ലായിടത്തും ഷോറൂമായി. ഗൾഫിൽ അഞ്ച് ഷോറൂമുണ്ട്. തമിഴ്നാട്ടിൽ ഈറോഡിലും സേലത്തും കർണ്ണാടകയിൽ ബംഗളുരുവിലും ഷോറുമുണ്ട
കൊവിഡ് പഠിപ്പിച്ചു
പ്രകൃതിയെ സ്നേഹിക്കാൻ
ഇത്തവണ നല്ല മഴ ലഭിക്കും. പ്രകൃതിക്കിപ്പോൾ നല്ല സന്തോഷമാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡില്ല, പൊടിയില്ല ശുദ്ധമാണ് പ്രകൃതി. വെള്ളത്തിന്റെ ക്ഷാമം, വരൾച്ച, ഒന്നുമില്ല. ഈ കാലത്ത് മുമ്പൊക്കെ ആശുപത്രികൾ രോഗികളെ കൊണ്ടു നിറയുമായിരുന്നു. ഇപ്പോൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം എല്ലാം നല്ലത്. അതുകൊണ്ട് രോഗവുമില്ല.
ഇതൊക്കെ പോസിറ്റീവായി കാണണം. നിരീശ്വരവാദികൾ പറയുന്നത് ദൈവത്തെക്കാളും ശക്തി സയൻസിന് ഉണ്ടെന്ന് തെളിഞ്ഞെന്നാണ് എനിക്കു തോന്നുന്നത് മനുഷ്യരുടെ കൊള്ളരുതായ്മകൾ കാരണം മനുഷ്യന്റെ വിളി കേൾക്കണ്ടെന്ന് ദൈവങ്ങൾ തീരുമാനിച്ചതാകാമെന്നാണ്. നല്ല പാഠം പഠിക്കണം. സഹജീവി സ്നേഹത്തിന്റ, മാനവികതയുടെ, പ്രകൃതി സ്നേഹത്തിന്റെ നല്ല പാഠം. വിദ്വേഷങ്ങളെല്ലാം ഉപേക്ഷിക്കണം.
ഈ സമൂഹത്തിൽ കച്ചവടക്കാർക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന് സർക്കാർ മുതൽ എല്ലാ വിഭാഗത്തിലുള്ളവരും ഈ ലോക്ക് ഡൗണിൽ തിരിച്ചറിയുന്നു.