കേന്ദ്രം അനുകൂലിക്കുമെന്ന് പ്രതീക്ഷ: പ്രവാസികളെ എത്തിച്ചാൽ സംരക്ഷണമൊരുക്കും- മുഖ്യമന്ത്രി
തിരുവനന്തപുരം: ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ തിരിച്ചെത്തിച്ചാൽ ആവശ്യമായ സംരക്ഷണമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേക വിമാനങ്ങൾ സജ്ജമാക്കേണ്ടത് കേന്ദ്രസർക്കാരാണ്. അതിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
20 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. വിദേശരാജ്യങ്ങളിൽ മലയാളികൾ മരണപ്പെട്ടതോടെ ആശങ്കയേറിയിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളവരുമാണ്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നൽകുന്നുണ്ട്. സന്ദർശക വിസയിൽ പോയി അവിടെ കുടുങ്ങിയവർ, മക്കളെ കാണാൻ പോയവർ, അക്കാഡമിക, ബിസിനസ് ആവശ്യങ്ങൾക്കായി ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി പോയവർ ഇവരെയെല്ലാം അടിയന്തരമായി തിരികെയെത്തിക്കണം. അടിയന്തരമായി വരേണ്ടവർക്കായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്.
പ്രവാസികൾ എത്തുമ്പോഴുള്ള മുഴുവൻ കാര്യങ്ങളും സർക്കാർ ഏറ്റെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്തുതന്നെ നിരീക്ഷണത്തിലാക്കും. ആവശ്യമുള്ളവരെ ചികിത്സിക്കും. രണ്ട് ലക്ഷം പേർക്കുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിലേറെ പേർ വന്നാലും സൗകര്യമൊരുക്കും. പ്രത്യേക വിമാനം അയച്ചാൽ വിസിറ്റിംഗ് വിസക്കാർക്കും രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകേണ്ടി വരും.
ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് അന്തർസംസ്ഥാന യാത്രാവിലക്ക് നീക്കുന്നതോടെ മാത്രമേ തിരിച്ചെത്താനാകുകയുള്ളൂ. അനധികൃതമായി എത്തുന്നവർക്കെതിരെ നടപടിയെടുക്കും. വാട്സ് ആപ്പിലൂടെയും മറ്റും കാട്ടിനുള്ളിലൂടെയുള്ള വഴികൾ കൈമാറുന്നതായും അതുപയോഗിച്ച് ചിലർ വരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് തടയും. ഭിന്നശേഷിക്കാരായ 50 വിദ്യാർത്ഥികൾ മൈസൂറിലെ സ്പീച്ച് ആൻഡ് തെറാപ്പി കേന്ദ്രത്തിൽ ചികിത്സകഴിഞ്ഞ് തിരിച്ചെത്താനാകാതെ വിഷമിക്കുന്നുണ്ട്. അവരുടെ കാര്യം പരിഗണിക്കും. ഡൽഹിയിലെ വിദ്യാർത്ഥികളെ വീട്ടുടമ ഒഴിപ്പിക്കുന്നുവെന്ന പരാതി കിട്ടിയിട്ടുണ്ട്. ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട് അതിന് പരിഹാരമുണ്ടാക്കും. മുംബയിലും ഡൽഹിയിലും മലയാളി നഴ്സുമാർ രോഗബാധിതരായെന്ന വിവരമുണ്ട്. അവർക്കും സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.