ലോക്ക് ഡൗൺ ഇളവ്: കേന്ദ്രവുമായി സംഘർഷമില്ലെന്ന് മുഖ്യമന്ത്രി
Tuesday 21 April 2020 12:43 AM IST
തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ഒരു സംഘർഷവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചും അവരുടെ അനുമതിയോടെയുമാണ് സംസ്ഥാനത്ത് ഇളവുകൾ നടപ്പാക്കിയത്. ചില കാര്യങ്ങളിൽ സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ സംസ്ഥാനത്ത് ഇനി ജാഗ്രത ആവശ്യമില്ലെന്ന മട്ടിൽ ഇന്നലെ സംസ്ഥാനത്തെല്ലായിടത്തും ജനങ്ങൾ വാഹനങ്ങളുമായി റോഡിലിറങ്ങി. ഇത് അനുവദിക്കാവുന്ന കാര്യമല്ല.
ആശ്വാസനിലയിലേക്ക് സംസ്ഥാനം ഇനിയും എത്തിയിട്ടില്ല. ജാഗ്രത തുടരേണ്ടതുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്നുമുതൽ കാർക്കശമാക്കും.