അക്ഷരവൃക്ഷം പദ്ധതി പൂർത്തിയാക്കി കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ
കൂത്താട്ടുകുളം: ഹയർ സെക്കൻഡറി സ്‌കൂളിൽ അക്ഷരവൃക്ഷം പദ്ധതി വിജയകരമായി പൂർത്തിയാക്കി. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് 'അക്ഷരവൃക്ഷം'. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ 'സ്‌കൂൾ വിക്കി' പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമാക്കുകയും ചെയ്യും. കുട്ടികൾ വീടുകളിലിരുന്ന എഴുതിതയ്യാറാക്കിയ സൃഷ്ടികൾ ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബ് അംഗങ്ങളൂടെ സഹായത്തോടെ സ്‌കൂൾവിക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. ഇതോടെ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സൃഷ്ടികൾ അപ്‌ലോഡ് ചെയ്ത സ്‌ക്കൂളുകളിലൊന്നായി കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ മാറി. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ച എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് സൃഷ്ടികൾ ശേഖരിച്ചതും എഡിറ്റിംഗ് അപലോഡിംഗ് നടത്തിയതും. അക്ഷരവൃക്ഷം പദ്ധതിയുടെ പൂർത്തീകരണത്തിന് സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക്, സ്‌കൂൾ ഹെഡ്മിസ്ട്രസും കൈറ്റ്മിസ്ട്രസുമായ എം. ഗീതാദേവി, കൈറ്റ്മാസ്റ്റർ വി. എസ്. ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി.