ശമ്പളം വെട്ടിക്കുറയ്ക്കൽ - പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ, അനിവാര്യമെന്ന് എൻ.ജി.ഒ യൂണിയൻ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പേരിൽ അഞ്ചുമാസത്തെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തിറങ്ങി. കോടതിയിൽ പോവണമോ എന്ന് ഉത്തരവ് ഇറങ്ങിയ ശേഷം തീരുമാനിക്കുമെന്നാണ് എൻ. ജി.ഒ അസോസിയേഷന്റെ നിലപാട്.
തീരുമാനത്തെ സ്വാഗതം ചെയ്ത എൻ.ജി.ഒ യൂണിയൻ ഇത് അനിവാര്യമായ നടപടിയാണെന്ന് പ്രതികരിച്ചു.
പിടിക്കുന്ന ശമ്പളം പിന്നെ നൽകാമെന്ന സർക്കാർ നിലപാട് കാരണം കോടതിയിൽ കേസ് നിലനിൽക്കാൻ സാദ്ധ്യത കുറവണ്. കൊവിഡ് പ്രതിരോധത്തിൽ സജീവമായ ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും പരിഗണന നൽകണമെന്ന കേന്ദ്ര നിർദ്ദേശം നിലനിൽക്കേ ഇരുകൂട്ടരെയും ശമ്പളം പിടിക്കുന്നതിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടാൽ കോടതി ഇടപെടാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ തവണ സാലറി ചലഞ്ചിനെതിരെ കോടതിയിൽ പോയി വിജയിച്ച എൻ.ജി.ഒ സംഘും ശമ്പളം വെട്ടിച്ചുരുക്കലിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ടങ്കിലും കോടതിയിൽ പോകാനുള്ള സാദ്ധ്യത കുറവാണ്.
ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ജീവനക്കാർക്ക് അതൃപ്തി ഉണ്ടാക്കുമെന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പിടിത്തം പൂർത്തിയാക്കണമെന്നായിരുന്നു സി.പി.എം നിർദ്ദേശം. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തെ പത്ത് മാസത്തിന് പകരം ഇത്തവണ അഞ്ച് മാസത്തിൽ പിടിത്തം ഒതുക്കിയത്.