കൊവിഡ്: 'നിശബ്ദ വ്യാപനം' വലിയ വെല്ലുവിളി

Thursday 23 April 2020 1:15 AM IST

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ലോകത്താകെ ശമനമില്ലാതെ തുടരുന്നതിനിടെ രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം വെല്ലുവിളിയായി തുടരുന്നു. 'നിശബ‌്ദ വ്യാപനം' എന്നാണ് വൈദ്യശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.

ലോകത്ത് 80 ശതമാനം പേരും കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ അല്ലെങ്കിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരോ ആണ്. ഇന്ത്യയിലിത് 70 ശതമാനമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആ‍ർ)​ കണക്ക്. ഹൈറിസ്‌ക് മേഖലയായ കാസർകോട്ടേക്ക് വിദേശത്തു നിന്നെത്തിയ രോഗബാധിതരായ ഏഴ് പേർക്ക് കൊവിഡിന്റെ ലക്ഷണങ്ങളായ പനിയോ ചുമയോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ പോസിറ്റീവ് ആകുകയാണ് സാധാരണ രീതി. എന്നാൽ, രോഗപ്രതിരോധ ശേഷിയുള്ളവരിൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകണമെന്നോ, പോസിറ്റീവ് ആകണമെന്നോയില്ല. വൈറസ് വാഹകനായ അയാളിൽ നിന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരിൽ വൈറസ് ശരീരത്തിൽ നിലനിൽക്കുന്ന വൈറീമിയ എന്ന അവസ്ഥയുണ്ടാക്കും.

കോഴിക്കോട്ട് രണ്ട് ഡോക്ടർമാർക്ക് കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നെങ്കിലും വൈറീമിയ എന്ന അവസ്ഥയിലായിരുന്നു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സ‌ഞ്ചരിച്ച ട്രെയിനിൽ യാത്ര ചെയ്തതുവഴിയാണ് അവർക്ക് രോഗം പകർന്നത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടും അവർക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു.

പോംവഴി രോഗം കണ്ടെത്തുന്നതിനുള്ള പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള പോംവഴി. ഇത് ചെലവേറിയതാണ്. അതിനാലാണ് പരിമിത എണ്ണത്തിലേക്ക് പരിശോധന ചുരുക്കിയത്. റാപ്പിഡ് ടെസ്റ്റിലൂടെ ഇതിനു പരിഹാരം കാണാം. നിരീക്ഷണത്തിലുള്ളവരുടെയെല്ലാം രക്തസാമ്പിളുകൾ ഇതിലൂടെ പരിശോധിക്കാമെന്നതും മേന്മയാണ്.