അലവൻസിന് 126 കോടി വേണമെന്ന് ഡി.ജി.പി, എതിർപ്പുമായി ധനവകുപ്പ്

Thursday 23 April 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് റിസ്‌ക് അലവൻസും ഫീഡിംഗ് ചാർജും നൽകാൻ 126 കോടി രൂപ നൽകണമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ ആവശ്യം ധനവകുപ്പ് എതിർത്തു. ദുരിതാശ്വാസനിധിയിൽ നിന്നോ മ​റ്റേതെങ്കിലും ഫണ്ടിൽ നിന്നോ തുക അനുവദിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് അപേക്ഷ ആഭ്യന്തര വകുപ്പിലേക്ക് മടക്കിയ ധനവകുപ്പ് നയപരമായ തീരുമാനം വേണമെന്ന നിലപാടിലാണ്.

ഇൻസ്‌പെക്ടർ വരെയുള്ള പൊലീസുദ്യോഗസ്ഥർക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിംഗ് ചാർജും 300 രൂപ വീതം റിസ്‌ക് അലവൻസും വേണമെന്നാണ് ‌ഡി.ജി.പിയുടെ ആവശ്യം. കൊവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് പുറമേ ക്രൈംബ്രാഞ്ചിലുള്ള 2224 പേർക്കും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ 75 പേർക്കും ട്രെയിനിംഗ് കോളേജിലെ 50 പേർക്കും 296 മിനിസ്​റ്റീരിയൽ ജീവനക്കാർക്കും ഫീഡിംഗ് ചാർജും റിസ്‌ക്ക് അലവൻസും ആവശ്യപ്പെട്ടിരുന്നു.