അരിയും പലവ്യഞ്ജനക്കിറ്റും റെഡി വിതരണം ചെയ്തത് അരി മാത്രം
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിനുള്ള (പിങ്ക് കാർഡ് ) പലവ്യഞ്ജന കിറ്റുകൾ വിതരണത്തിന് തയ്യാറായെങ്കിലും അതിന് മറ്റൊരു ദിവസം ഭക്ഷ്യവകുപ്പ് നിശ്ചയിച്ചത് ഗുണഭോക്താക്കൾക്കും റേഷൻകട ഉടമകൾക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഗുണഭോക്താക്കൾ രണ്ടു വട്ടം കടയിൽ എത്തേണ്ടി വരുമ്പോൾ റേഷൻ കടക്കാർ കിറ്റ് സൂക്ഷിക്കാനിടമില്ലാതെ വിഷമിക്കുകയാണ്. റെഡ് സോൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നില നിൽക്കെയാണ് ഗുണഭോക്താക്കൾ ഒന്നിലധികം തവണ കടകളിൽ എത്തേണ്ടിവരുന്നത്.
കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീൺ കല്യാൺ യോജന പദ്ധതിപ്രകാരമുള്ള സൗജന്യ അരി (ആളൊന്നിന് അഞ്ചുകിലോ) പിങ്ക് കാർഡുകാർക്ക് ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങിയിരുന്നു. റേഷൻ കാർഡിന്റെ അവസാന നമ്പർ 1, 2 വരുന്നവർക്കായിരുന്നു വിതരണം. ഇതോടൊപ്പം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജനകിറ്റ് കൂടി വിതരണം ചെയ്യാമായിരുന്നു. കിറ്റുകൾ സപ്ളൈകോ റേഷൻ കടകളിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇവ രണ്ടും ഒരുമിച്ച് വിതരണം ചെയ്യുന്നതിനാണ് റേഷൻ കാർഡ് നമ്പർ കണക്കാക്കി നേരത്തേ ദിവസം നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സൗജന്യങ്ങൾ ഒരുമിച്ചു വിതരണം ചെയ്താൽ ആരുടേതാണെന്ന കാര്യത്തിൽ ഗുണഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന് ചില ഉദ്യോഗസ്ഥർക്കുണ്ടായ സംശമാണ് വിതരണ തീയതിയിലെ മാറ്റമെന്നാണ് അറിയുന്നത്.
കേന്ദ്ര പദ്ധതി പ്രകാരം സൗജന്യ അരി ഇന്നലെ വാങ്ങിയവർ : 9,13,770.
ഇന്ന് റേഷൻ ലഭിക്കുന്ന കാർഡ് നമ്പരിന്റെ അവസാന അക്കങ്ങൾ : 3, 4.