ലോക്ക് ഡൗൺ : തൊഴിലാളികൾക്ക് ആയിരം കോടിരൂപ സഹായം നൽകി
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി അഭിമുഖീകരിക്കുന്ന തൊഴിലാളികൾക്ക് സഹായം നൽകിയതായി മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധിബോർഡുകളിൽ അംഗങ്ങളായ 68,02,984 തൊഴിലാളികൾക്കായി 943,20,95,500 രൂപയുടെ സഹായം അനുവദിച്ചതായി മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. എല്ലാ തൊഴിലാളികൾക്കും ആയിരം രൂപ വീതം ആശ്വാസധനമായി ലഭിക്കും. സാമ്പത്തികശേഷിയുള്ള ചില ക്ഷേമനിധി ബോർഡുകൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. ദിവസവേതനക്കാർ അടക്കമുള്ള തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി. ഏപ്രിൽ മാസത്തേത് ഉൾപ്പെടെ നാലുമാസത്തെ ക്ഷേമനിധിപെൻഷനുകൾ ഒരുമിച്ചുനൽകി. മറ്റ് വിവിധ വകുപ്പുകൾക്കു കീഴിലുള്ള ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 3,89,787 പേർക്കായി 58,79,35,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ആകെ 71,92,771 തൊഴിലാളികൾക്കായി 1002 കോടി രൂപയാണ് ലോക്ക് ഡൗൺ കാലത്ത് ആശ്വാസധനമായി സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.