സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കും

Thursday 23 April 2020 2:18 AM IST

തിരുവനന്തപുരം: തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലും മറ്റും ആളുകൾ ഒളിച്ചുകടക്കുന്നത് വ്യാപകമായിരിക്കെ, സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപന സാദ്ധ്യത ആശങ്കാജനകമായി തുടരുന്നതായാണ് ഇന്നലെ മന്ത്രിസഭായോഗം വിലയിരുത്തിയത്. ആശ്വസിക്കാവുന്ന സ്ഥിതിയായിട്ടില്ല.

അതിർത്തിമേഖലകളിൽ ഊടുവഴികളടക്കം അടച്ചിട്ടെങ്കിലും ആളുകളിപ്പോഴും ഒളിച്ച് കടക്കുന്നുണ്ട്. അതിനാൽ കർശനനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ലോറി ക്ലീനറുടെ വേഷത്തിലും മറ്റും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെത്തുന്നത് കണക്കിലെടുത്ത് ചരക്കുവാഹനങ്ങളെല്ലാം വിശദമായി പരിശോധിക്കും. ലോറി ഡ്രൈവറടക്കമുള്ളവരെ പരിശോധിച്ച് എവിടേക്കാണ് യാത്രയെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷിക്കും. ഡി.എം.ഒയ്ക്കാകും ഇതിന്റെ ചുമതല.

ഒരു ജില്ലയിൽ അതിർത്തിഗ്രാമങ്ങൾ സാമൂഹ്യവ്യാപനത്തിന്റെ വക്കിലാണ്. മറ്റൊരു അതിർത്തി ജില്ലയിൽ ലോറികളിൽ ഒളിച്ചുകടന്ന 39 കേസുണ്ടായി. കൊല്ലം ജില്ലാ അതിർത്തിയായ ആര്യങ്കാവിൽ ലോക്ക് ഡൗൺ ഇളവ് വേണ്ടെന്നുവച്ചു. മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞയും കുളത്തൂപ്പുഴ പഞ്ചായത്ത് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.