കോഴിക്കോട് മെഡി. കോളേജിലെ 2 ഹൗസ് സർജന്മാർക്ക് കൊവിഡ്

Thursday 23 April 2020 1:28 AM IST

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രണ്ട് വനിതാ ഹൗസ് സർജന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എം.ബി.ബി.എസ് അവസാനവർഷ പരീക്ഷ കഴിഞ്ഞ് ഡൽഹിയിലേക്ക് വിനോദയാത്രയ്ക്ക് പോയി തിരിച്ചെത്തിയ ഒൻപതംഗ സംഘത്തിലെ രണ്ട് പേർക്കാണ് രോഗം.

നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ട്രെയിനിലായിരുന്നു ഇവരും വന്നത്.മാർച്ച് 20 ന് രാവിലെ 11.40ന് നിസാമുദ്ദീൻ - തിരുവനന്തപുരം ട്രെയിനിൽ കയറിയ ഇവർ 22ന് വൈകിട്ട് ആറരയോടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചു. എന്നാൽ ഇതേ ട്രെയിനിലുണ്ടായിരുന്ന തബ്‌ലീഗുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളോട് 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.നിരീക്ഷണ കാലയളവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കും മുമ്പ് ഏപ്രിൽ 20 ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.ഇവരെ പരിശോധിച്ചവരടക്കം മെഡിക്കൽ കോളേജിലെ ആറു ഡോക്ടർമാരെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്.