കൊവിഡ് : 43 ദിവസത്തിന് ശേഷം വീട്ടമ്മയുടെ ഫലം നെഗറ്റീവ്

Thursday 23 April 2020 1:18 AM IST

പത്തനംതിട്ട: കൊവിഡ് ബാധിച്ച് 43 ദിവസമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അറുപത്തിരണ്ടുകാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിന് ശേഷമുള്ള ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഫംഗസ് ബാധയ്ക്ക് നൽകുന്ന ഐവർമെക്ടീൻ മരുന്നാണ് ഇവർക്ക് ഈ മാസം 14 മുതൽ നൽകിയിരുന്നത്. തുടർച്ചയായ രണ്ടു പരിശോധനാഫലങ്ങൾ നെഗറ്റീവായാൽ മാത്രമേ രോഗമുക്തി നേടിയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിച്ചേരൂ.അടുത്ത സാമ്പിൾ പരിശോധന നാളെ നടക്കും.

ഇറ്റലിയിൽ നിന്നു വന്ന റാന്നിയിലെ കുടുംബവുമായി അടുത്തിടപഴകിയതിലൂടെയാണ് വീട്ടമ്മ രോഗബാധിതയായത്. ഇവരുടെ 26വയസുള്ള മകൾ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.