അഖിലിന്റെ കൊലപാതകം ആസൂത്രിതം

Thursday 23 April 2020 1:34 AM IST

 കോടാലിയും കത്തിയും കണ്ടെടുത്തു

കൊടുമൺ : പത്താംക്ളാസുകാരനെ കൂട്ടുകാർ വെട്ടിക്കൊന്നത് കൃത്യമായി ആസൂത്രണത്തിനൊടുവിൽ. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനത്തിൽ സുധീഷിന്റെയും മിനിയുടേയും മകൻ അഖിലിനെ (16) വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത് കൊല്ലാൻ വേണ്ടിത്തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പത്താംക്ളാസ് വിദ്യാർത്ഥികളായ രണ്ടുപേർ പിടിയിലായിരുന്നു.

സൗഹൃദം നടിച്ച് അഖിലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വിജനമായ റബർതോട്ടത്തിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷംകല്ലുകൊണ്ട് തലയിലടിച്ചു. അഖിൽ ബോധം കെട്ടുവീണപ്പോൾ കോടാലി കൊണ്ട് വെട്ടിയ ശേഷം രണ്ടുപേരും അങ്ങാടിക്കൽ എസ്.എൻ.വി സ്‌കൂളിന് സമീപമുള്ള കുളത്തിൽ പോയി കുളിച്ചു. വീണ്ടും സ്ഥലത്തെത്തി നോക്കിയപ്പോൾ അഖിൽ മരിച്ചിട്ടില്ലെന്ന് തോന്നി. അടുത്തുള്ള വീടിന്റെ കാലിത്തൊഴുത്തിലിരുന്ന കോടാലിയും പഴയ കറിക്കത്തിയും എടുത്തുകൊണ്ടുവന്ന് കഴുത്തിൽ വെട്ടി. മരിച്ചെന്ന് ഉറപ്പുവരുത്താൻ മൂക്കിൽ വെള്ളം ഒഴിച്ചുനോക്കി. പിന്നീട് അമ്പതു മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ടുപോയി. കയ്യാലയിൽ നിന്ന് കലത്തിൽ മണ്ണ് വാരിക്കൊണ്ടുവന്ന് മൃതദേഹം മൂടി. സംശയം തോന്നാതിരിക്കാൻ മുകളിൽ ഒാട് കമഴ്ത്തി വച്ച് മറച്ചുവെന്നും പൊലീസ് പറഞ്ഞു.

ആയുധങ്ങൾ

കണ്ടെടുത്തു

അഖിലിനെ കൊല്ലാൻ ഉപയോഗിച്ച പാറക്കല്ല്, കോടാലി, കത്തി എന്നിവയും ചോര പുരണ്ട മണ്ണും പ്രതികൾ സഞ്ചരിച്ച സൈക്കിളും കണ്ടെടുത്തു. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തില്ല. പ്രതികളിൽ ഒരാളുടെ ഷൂസ് അഖിൽ ഉപയോഗിച്ച് നശിപ്പിച്ചെന്ന് പറഞ്ഞുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷൂസിന് പകരം മൊബൈൽ ഫോൺ കൊടുക്കാമെന്ന അഖിലിന്റെ വാഗ്ദാനം നടക്കാത്തതിന്റെ പേരിൽ ഇതിനു മുമ്പും അടിപിടി കൂടിയിരുന്നു. അഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പത്തനംതിട്ട ജുവനൈൽ കോടതിയിൽ ഹാജരാക്കി. കൊടുമൺ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കുട്ടികളെക്കൊണ്ട് മൃതദേഹം പുറത്തെടുവിച്ചതിനെതിരെ ബാലാവകാശ കമ്മിഷൻ

അഖിലിന്റെ മൃതദേഹം പ്രതികളായ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് പുറത്തെടുവിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. സംസ്‌കാരശൂന്യമായ നടപടിയാണിതെന്ന് കമ്മിഷൻ വിലയിരുത്തി. കുഴിച്ചിട്ടിരുന്ന മൃതദേഹം കുട്ടികൾ പുറത്തെടുക്കുന്ന ചിത്രം മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി, ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.