ലോക്ക്ഡൗൺ ഇളവിൽ വിഴിഞ്ഞത്തിന് പുനർജീവൻ,​ പുലിമുട്ട് നിർമ്മാണം തുടങ്ങി

Wednesday 29 April 2020 12:14 AM IST

തിരുവനന്തപുരം: നിർമ്മാണമേഖലയ്ക്ക് സർക്കാർ അനുവദിച്ച ലോക്ക് ഡൗൺ ആനുകൂല്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് 50 ശതമാനം ജീവനക്കാരെ മാത്രം വച്ചാണ് ജോലികൾ നടത്തുന്നത്. തുറമുഖത്തെ പുലിമുട്ടിന്റെ നിർമ്മാണവും കടൽക്ഷോഭത്തിൽ പുലിമുട്ടിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്ന ജോലിയുമാണ് ഇപ്പോൾ നടക്കുന്നത്. 700 മീറ്റർ പൂർത്തിയായ പുലിമുട്ടിന്റെ വശങ്ങൾ തിരയടിയിൽനിന്നു സംരക്ഷിക്കുന്നതിനായി വലിയ പാറകളും അക്രോപാഡുകളും നിക്ഷേപിച്ചു തുടങ്ങി. ആദ്യഘട്ട നിർമ്മാണത്തിലെ അനുബന്ധ ജോലികളും ഒപ്പം നടക്കും. മേയ് മാസത്തെ പ്രവൃത്തികൾ നിർണായകമാണ്. മൺസൂൺ തുടങ്ങിയാൽ പുലിമുട്ട് ഉൾപ്പെടെയുള്ള കടലിലെ ജോലികളെല്ലാം നാലു മാസത്തേക്കു നിറുത്തിവയ്ക്കും. എന്നാൽ പദ്ധതിപ്രദേശത്തേക്കു കല്ലെത്തിക്കൽ, കല്ല് സംഭരിക്കൽ, ഓഫീസ് ജോലികൾ, സേനാ വിഭാഗങ്ങൾക്കുള്ള സജ്ജീകരണമൊരുക്കൽ, കണ്ടെയ്നർ യാർഡ് നിർമ്മിക്കൽ തുടങ്ങിയ ജോലികൾ നടക്കും.

കല്ല് മൂന്ന് ക്വാറികളിൽ നിന്ന്

ഖനന, ക്വാറി മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രവർത്തനാനുമതി നൽകിയതോടെ കല്ല് എത്തിത്തുടങ്ങി. തിരുവനന്തപുരം നഗരൂർ കടവിളയിലെ സർക്കാർ ക്വാറിയിൽ നിന്നും കൊല്ലം മാങ്കോട്, കുമ്മിൾ എന്നിവിടങ്ങളിലെ സ്വകാര്യ ക്വാറികളിൽ നിന്നുമാണ് നിലവിൽ കല്ലെത്തുന്നത്. മൈനിംഗ്, ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചാൽ അദാനി അനുമതി തേടിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 20 സർക്കാർ ക്വാറികളിൽ നിന്നുകൂടി കല്ലെത്തും.