കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് അവതാളത്തിൽ, വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്

Wednesday 29 April 2020 12:22 AM IST

തിരുവനന്തപുരം : സമൂഹവ്യാപന സാദ്ധ്യത തടയാനും പരിശോധ വ്യാപിപ്പിക്കാനും കഴിയുന്ന റാപ്പിഡ് ആൻറിബോഡി ടെസ്റ്റ് സംസ്ഥാനത്ത് എപ്പോൾ നടക്കുമെന്നതിൽ വ്യക്തയില്ല. ഇതിനായി ഐ.സി.എം ആർ 12,​846 ചൈനീസ് കിറ്റുകൾ നൽകിയെങ്കിലും അവയ്ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആൻറിബോഡി ടെസ്റ്റ് അവതാളത്തിലായത്. ഐ.സി.എം.ആറിന്റെ അനുമതി കാത്തിരിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കിറ്റുകളിലാണ് ഇനി പ്രതീക്ഷ. കേന്ദ്ര തീരുമാനത്തെ ആശ്രയിച്ചാകും കേരളത്തിൽ റാപ്പിഡ് ആൻറി ബോഡി ടെസ്റ്റ് ആരംഭിക്കുക. ഐ.സി.എം.ആർ അനുമതി നൽകാത്ത കിറ്റുകൾ ഉപയോഗിക്കാനാവില്ല.

നിലവിൽ നടത്തുന്ന പി.സി.ആർ ടെസ്റ്റ് വ്യാപകമാക്കാനാണ് ശ്രമം. ഇപ്പോൾ പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകൾക്കായി 46,000 പി.സി.ആർ റിയേജൻറുകളും 15,400 ആർ.എൻ.എ എക്ട്രാക്‌ഷൻ കിറ്റുകളുമാണ് സ്റ്റോക്കുള്ളത്. ഇവ ഉപയോഗിച്ച് അരലക്ഷത്തിലധികം പേരെ പരിശോധിക്കാം.പക്ഷേ പ്രവാസികൾ എത്തിയാൽ ഇത് തികയില്ല.

രണ്ട് മാസം , 27,956 സാമ്പിളുകൾ

രണ്ടുമാസത്തിനിടെ രോഗലക്ഷണങ്ങൾ ഉള്ള 23,980 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 23,277 സാമ്പിളുകളുടെ ഫലം നെഗറ്റീവായി.

കൂടാതെ ആരോഗ്യ പ്രവർത്തകർ, കുടിയേറ്റ തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 801 സാമ്പിളുകൾ നെഗറ്റീവായി.

പരിശോധന ഊർജിതമാക്കുന്നതിൻെറ ഭാഗമായി ഞായറാഴ്ച എല്ലാ ജില്ലകളിൽ നിന്നുമായി 3101 സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്കയച്ചു. അതിൽ 2682 എണ്ണം നെഗറ്റീവ് ആയി. ഇന്നലെ പോസീറ്റീവായ മൂന്നെണ്ണം ഇതിൽ ഉൾപ്പെടുന്നു. രണ്ട് ദിവസം മുൻപ് വരെ പ്രതിദിനം പരമാധി 500ൽ താഴെ

സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലുമുൾപ്പെടെ 16 സ്ഥലങ്ങളിലാണ് കൊവിഡ്19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.