കൊവിഡ് രോഗികളുടെ വിവര ചോർച്ച:അന്വേഷണം തുടങ്ങി
കാസർകോട് : കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതരുടെ വിവരങ്ങൾ ചോർന്നത് സംസ്ഥാന ക്രൈം റെക്കാർഡ്‌സ് ബ്യൂറോ എ. ഡി. ജി. പി സുധേഷ് കുമാർ അന്വേഷിക്കും. രോഗം ഭേദമായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പരാതി ഡി.ജി.പി കൈമാറുകയും അദ്ദേഹം അന്വേഷണത്തിന് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം, കാസർകോട് ഡി. എം .ഒ ഡോ. എ. വി. രാംദാസ് നൽകിയ പരാതിയിൽ ജില്ലാ പൊലീസ് ചീഫ് പി. എസ്. സാബു സൈബർ സെല്ലിന്റെ സഹായത്തോടെയും അന്വേഷിക്കുന്നുണ്ട്.
160 ലേറെ രോഗികളാണ് കൊവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയത്. ഇവരിൽ ഭൂരിഭാഗവും നിരീക്ഷണത്തിൽ തുടരുകയാണ്. രോഗം ഭേദമായ മുപ്പതോളം പേരുടെ ഫോൺ നമ്പരിലേക്കാണ് കാളുകൾ വന്നത്. ബംഗളുരുവിലെ സ്വകാര്യ ഐ. ടി. കമ്പനിയുടെ പ്രതിനിധികളും ഡോക്ടർമാരും വിളിച്ചു. രോഗം പൂർണ്ണമായും ഭേദമാകാൻ സഹായം വാഗ്ദാനം ചെയ്തു. വ്യക്തിവിവരങ്ങളും ഫോൺ നമ്പരും വീടിന്റെ ലൊക്കേഷനും വരെ വിളിച്ചവരുടെ കൈയിൽ ഉണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ എങ്ങിനെ അവർക്ക് കിട്ടി എന്നതാണ് ദുരൂഹം.
കാളുകൾ നിലച്ചു
അന്വേഷണം ആരംഭിച്ചതോടെ കാളുകൾ നിലച്ചെന്നാണ് രോഗം ഭേദമായവർ പറയുന്നത്. വിളിച്ചവരുടെ ഫോൺ നമ്പർ, വന്ന കാളുകളുടെ വിവരങ്ങൾ, കാളുകൾ വരാനിടയായ സാഹചര്യങ്ങൾ, ബംഗളുരുവിലെ ഐ. ടി. കമ്പനിയുടെ ഫോൺ നമ്പരുകൾ, ലൊക്കേഷനുകൾ, വ്യക്തികൾ എന്നിവയെല്ലാം സൈബർ സെൽ അന്വേഷിക്കുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി നാളെ കാസർകോട് എത്തിയേക്കും.