മകളുടെ വിവാഹ യാത്രാ മദ്ധ്യേ പിതാവ് മരിച്ചു

Wednesday 29 April 2020 12:00 AM IST
പരമേശ്വരൻ മൂത്തത്

ഉദയനാപുരം : മകളുടെ വിവാഹത്തിനായി വരന്റെ ഗൃഹത്തിലേക്ക് പോകുംവഴി പിതാവ് മരിച്ചു. വാതുക്കോടത്തില്ലത്ത് പരമേശ്വരൻ മൂത്തത് (62) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഉദയനാപുരത്തു നിന്ന് പരമേശ്വരനും മക്കളായ വധു കാർത്തികയും കണ്ണനും അടങ്ങുന്ന മൂവർസംഘം കോഴിക്കോട്ടേക്ക് കാറിൽ യാത്ര തിരിച്ചത്. ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമുദായാചാരപ്രകാരം വരന്റെ ഗൃഹമായ ഓർക്കാട്ടേരി പാറോളി ഇല്ലത്തുവച്ച് ഇന്നായിരുന്നു വിവാഹം. കൊവിഡ് യാത്രാ നിബന്ധനകൾ പാലിച്ച് പൊലീസ് അനുവാദത്തോടെയാണ് ഇവർ പോയത്. പിതാവിന്റെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു. രാത്രി 11 മണിയോടെ മൃതദേഹം വൈക്കത്തെ വീട്ടിലെത്തിച്ചു. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവാദി കാര്യങ്ങളിലും മറ്റ് പൂജാദി കാര്യങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. ഭാര്യ : പരേതയായ ജലജ.