സാലറി കട്ട്: ഹൈക്കോടതി വിധി പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Wednesday 29 April 2020 12:00 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പി​ടി​യ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധി പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹൈക്കോടതി വിധി എപ്പോഴും അനുസരിക്കേണ്ടതാണല്ലോ. കോടതി പറഞ്ഞതെന്താണോ, അത് പരിശോധിച്ച് നടപ്പാക്കാൻ പറ്റുന്നത് നടപ്പാക്കും.അപ്പീൽ പോകുമോയെന്ന് ചോദിച്ചപ്പോൾ വിധി പരിശോധിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ആവർത്തിച്ചു.

സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപകർ സൈബർ ആക്രമണത്തിന് വിധേയരാകുന്നുവെന്ന ആക്ഷേപത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ലെന്നായിരുന്നു മറുപടി. അദ്ധ്യാപകർക്ക് ചേരാത്ത സമീപനമുണ്ടായാൽ വിമർശനമുണ്ടാകും. വിമർശനം വന്നില്ലെങ്കിലാണ് കുഴപ്പമെന്നും പോത്തൻകോട് സ്കൂളിൽ ഒരദ്ധ്യാപകൻ തെറ്റായ നിലപാടെടുത്തപ്പോൾ വിദ്യാർത്ഥികൾ മാതൃകാപരമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.