ലാസ്റ്റ് ഗ്രേഡ്, പാർട്ട് ടൈം ജീവനക്കാർക്ക് ലീവ് സറണ്ടർ ചെയ്യാം

Wednesday 29 April 2020 1:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചവരുടെ പട്ടികയിൽ നിന്ന് ലാസ്റ്റ് ഗ്രേഡ്, പാർട്ട് ടൈം കണ്ടിൻജന്റ്, മുനിസിപ്പൽ കണ്ടിൻജന്റ് വിഭാഗത്തെ ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി.

സബോർഡിനേറ്റ് സർവീസിലെ ഓഫീസ് അറ്റൻഡന്റുമാർ അടക്കമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ലീവ് സറണ്ടർ ചെയ്ത് തുക കൈപ്പറ്റാമെന്നാണ് ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ ഉത്തരവിൽ. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികനിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനസർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം മൂന്ന് മാസത്തേക്ക് മരവിപ്പിച്ചത്. ഉത്തരവിറങ്ങുന്നതിന് തൊട്ടുമുമ്പ് ധനവകുപ്പ് ജീവനക്കാർ ഉൾപ്പെടെ 42,000 പേർ ലീവ് സറണ്ടർ കൈപ്പറ്റിയത് വിവാദമായിരുന്നു. അതേസമയം, അർഹമായ ആനുകൂല്യം കൈപ്പറ്റിയവരുടെ തുക തിരികെ പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.