പൊലീസ്‌ കുതിരകൾക്ക് ഭക്ഷണം : സ്വകാര്യ സ്ഥാപനത്തിന് 56 ലക്ഷം നൽകിയ ഡി.ജി.പിക്ക് താക്കീത്

Wednesday 29 April 2020 1:35 AM IST

ആഭ്യന്തര വകുപ്പിന്റെ നടപടി മുൻകൂർ അനുമതി തേടാത്തതിന്

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണർക്ക് കീഴിലെ അശ്വാരൂഢസേനയിലുള്ള 25 കുതിരകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സ്വകാര്യസ്ഥാപനത്തിന് 56.88 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്.

തുക അനുവദിച്ച് ഉത്തരവായ ശേഷം അനുമതിക്കായെത്തിയ ഫയലിലാണ് മേലിൽ ഇതാവർത്തിക്കരുതെന്ന താക്കീത് നൽകിയത്. വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ബാദ്ധ്യത ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അനുവദിച്ച തുക സാധൂകരിച്ച ശേഷമാണ് താക്കീത് നൽകിയത്.

പൊലീസ് ആസ്ഥാനത്തെ പർച്ചേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ നിരവധി ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയിരുന്നു..

അതിന്ശേഷവും പഴയ നിലപാട് തുടരുന്നതിന്റെ സൂചനയായി ഈ സംഭവം..

2019-20 സാമ്പത്തികവർഷത്തേക്കാണ് മുൻ വർഷങ്ങളിലെ പോലെ തുക അനുവദിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവായത്. സ്റ്റോർ പർച്ചേസ് റൂളിന് വിധേയമായി ഏറ്റവും കുറഞ്ഞ തുകയായ 56,88,235 രൂപ ക്വോട്ട് ചെയ്ത തിരുവനന്തപുരം പ്ലാമൂട്ടുക്കടയിലെ പൊന്നു ഏജൻസീസിന് ഭക്ഷണ വിതരണത്തിനുള്ള ഉത്തരവ് നൽകിയെന്നാണ് പൊലീസ് വിശദീകരണം.