ജിയോയിൽ സിൽവർ ലേക്ക് ₹5,655 കോടി നിക്ഷേപിക്കും

Tuesday 05 May 2020 3:11 AM IST

മുംബയ്: മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ 1.15 ശതമാനം ഓഹരികൾ 5,655.75 കോടി രൂപയ്ക്ക് അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഏറ്റെടുക്കും. ജിയോയ്ക്ക് 4.90 ലക്ഷം കോടി രൂപ ഓഹരിമൂല്യം കണക്കാക്കിയാണ് നിക്ഷേപം.

അതേസമയം, ടെലികോം വിഭാഗമായ ജിയോ ഇൻഫോകോം റിലയൻസിന്റെ സമ്പൂർണ ഉടമസ്ഥതയിൽ തുടരും. 38.80 കോടി വരിക്കാർ ജിയോയ്ക്കുണ്ട്. ധനകാര്യ, സാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയരായ സിൽവർ ലേക്കുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ചെറുകിട ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും മികവുറ്ര ഡിജിറ്റൽ പ്ളാറ്ര്‌ഫോം ലഭ്യമാക്കാനുള്ള റിലയൻസിന്റെ ദൗത്യത്തിന് ഉണർവേകുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

ഏപ്രിലിൽ 22ന് ജിയോയുടെ 9.99 ശതമാനം ഓഹരികൾ ഫേസ്‌ബുക്ക് 43,574 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഫേസ്‌ബുക്കിന്റെ ചാറ്രിംഗ് ആപ്പായ വാട്‌സ്ആപ്പുമായി ചേർന്ന്, റിലയൻസിന്റെ ഇ-കൊമേഴ്‌സ് വിഭാഗമായ ജിയോ മാർട്ട്, ആകർഷക ഓഫറുകളോടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ലക്ഷ്യം കടം കുറയ്ക്കൽ

റിലയൻസ് ഇൻഡസ്‌ട്രീസിനെ 2021 മാർച്ച് 31ഓടെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കുകയാണ് വിദേശ നിക്ഷേപത്തിലൂടെ മുകേഷിന്റെ ലക്ഷ്യം. നിലവിൽ 2,140 കോടി ഡോളറിന്റെ (1.62 ലക്ഷം കോടി രൂപ) കടബാദ്ധ്യത കമ്പനിക്കുണ്ട്.