ബേക്കറിയിൽ പലഹാരം വാങ്ങാനെത്തിയ അച്ഛനും മകളും ഉൾപ്പെടെ മൂന്നുപേർ കാറിടിച്ച് മരിച്ചു
ആലുവ: പലഹാരം വാങ്ങാൻ ബേക്കറിക്കു മുന്നിൽ നിൽക്കുകയായിരുന്ന അച്ഛനും മകളും ഉൾപ്പെടെ മൂന്നുപേർ നിയന്ത്രണംവിട്ട കാറിടിച്ച് തത്ക്ഷണം മരിച്ചു. ദേശീയപാതയിൽ മുട്ടം തൈക്കാവ് മെട്രോപില്ലർ 187നു സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇടപ്പള്ളി ഉണിച്ചിറ തോപ്പിൽ മറ്റത്തിപ്പറമ്പിൽ മജേഷ് (40), മകൾ അർച്ചന (11), ആലുവ മുട്ടം തൈക്കാവിന് സമീപം പുതുവയിൽ വീട്ടിൽ കുഞ്ഞുമോൻ (52) എന്നിവരാണ് മരിച്ചത്. കാർഡ്രൈവർ ഇടപ്പള്ളി ചേരാനല്ലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി രഘുനാഥ് ദാമോദരൻ (50), ബേക്കറി ഉടമകളായ മുട്ടം സ്വദേശി ഷനൂപ് (36), തായിക്കാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് (37), ബേക്കറിയിലെത്തിയ മുട്ടം സ്വദേശി സനോജ് (38) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
ബേക്കറിയിൽ നോമ്പുതുറ വിഭവങ്ങൾ വാങ്ങാനെത്തിയതാണ് സമീപവാസി കൂടിയായ കുഞ്ഞുമോൻ. മബേക്കറിക്കുമുമ്പിൽ പ്രത്യേക വർണക്കുട വച്ചാണ് വിഭവങ്ങൾ വിൽക്കുന്നത്. ആലുവ ഭാഗത്തുനിന്നുവന്ന കാർ പലഹാരം വാങ്ങാനെത്തിയവരെ ഉൾപ്പെടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മെട്രോയാർഡിൽ നിന്നുള്ള പില്ലറിൽ ഇടിച്ചാണ് കാർ നിന്നത്. കുഞ്ഞുമോൻ പില്ലറിനും കാറിനുമിടയിൽ കുരുങ്ങി. മൂവരെയും ഉടനെ കളമശേരി കിൻഡർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ ആശുപത്രിയിലാണ്. കാർഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബേക്കറി ഉടമകളുടെ പരിക്ക് സാരമുള്ളതല്ല.
മജേഷിന്റെ ഭാര്യ രേവതിയെ പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നാണ് പ്രസവതീയതി. ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ പലഹാരം വാങ്ങാൻ ആട്ടോറിക്ഷയിൽ നിന്നിറങ്ങിയതാണ് മജേഷും മകളും. തോപ്പിൽ കവലയിൽ ആട്ടോറിക്ഷ ഡ്രൈവറാണ് മജേഷ്. പറമ്പയത്ത് പഞ്ചഗംഗ ട്രാൻസ്പോർട്ട് എന്ന പേരിൽ ലോറി ബുക്കിംഗ് ഏജൻസി നടത്തുകയാണ് കുഞ്ഞുമോൻ. മൂവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പരേതനായ ബാബുവിന്റെയും ഇന്ദിരയുടെയും മകനായ മജേഷ് ബി.ജെ.പി തൃക്കാക്കര അയ്യനാട് ഏരിയാ കമ്മിറ്റി അംഗമാണ്. ഐഷാബീവിയാണ് കുഞ്ഞുമോന്റെ ഭാര്യ. മക്കൾ: ആൻസി കുഞ്ഞുമോൻ (അബുദാബി), ആഷ്മി കുഞ്ഞുമോൻ. മരുമകൻ: ഫയാസ് (അബുദാബി).