ഉത്തരവിലെ പിഴവ് തിരുത്തണം: ചെന്നിത്തല

Tuesday 05 May 2020 12:53 AM IST

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്നും ഇത് അപ്രായോഗികമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ കാലിയായാണ് തിരിച്ചുവരുന്നത്. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ കൊണ്ടുവരാൻ ഈ ട്രെയിനുകൾ ഉപയോഗിക്കാമായിരുന്നു. എന്നാൽ,​ കേരളം സ്‌പെഷ്യൽ ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടു പോലുമില്ല. ഇക്കാര്യം പരിശോധിക്കണം. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്.

സർക്കാരിൽ ധൂർത്തും അഴിമതിയും വ്യാപകമായി. കിഫ്ബിയിൽ 10,​000 രൂപ പ്രതിദിന ശമ്പളത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത് കേട്ടുകേൾവി ഇല്ലാത്തതാണ്. പ്രതിമാസം 1.70 കോടി നൽകി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കേണ്ട എന്ത് അടിയന്തര ആവശ്യമാണുള്ളത്. അധികമായി അഞ്ച് കാബിനറ്റ് റാങ്കാണ് അനുവദിച്ചിരിക്കുന്നത്. ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയ ഒരു റിപ്പോർട്ട് പോലും സർക്കാർ അംഗീകരിച്ചിട്ടില്ല