ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ ഇന്ത്യയും പങ്കാളി

Tuesday 05 May 2020 12:43 AM IST

COVID 19

ന്യൂഡൽഹി: കൊവിഡിനെ തുരത്താൻ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയിൽ (സോളിഡാരിറ്റി)​ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റെംഡെസിവിർ എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളിൽ പരീക്ഷിക്കുമെന്നും

അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് നടത്തിയ പരീക്ഷണത്തിൽ റെംഡെസിവിർ കൊവിഡ് രോഗികളിൽ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു.പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിറിന്റെ 1000 ഡോസ് ലഭ്യമായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഉന്നത തലങ്ങളിൽ ചർച്ച നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സോളിഡാരിറ്റി

കൊവിഡ് ചികിത്സയ്ക്കുപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണ പദ്ധതിയാണ് 'സോളിഡാരിറ്റി'. നൂറ് രാജ്യങ്ങൾ ഇതിൽ പങ്കാളികളാകുന്നുണ്ട്. റെംഡെസിവിർ അടക്കം നാലു മരുന്നുകളാണ് പരീക്ഷിക്കുന്നത്. കൊവിഡിനെതിരായ മരുന്ന് ഗവേഷണത്തിൽ നേരിടുന്ന കാലതാമസം കുറയ്ക്കാനും എത്രയും വേഗത്തിൽ ഫലപ്രദമായ ചികിത്സ കണ്ടെത്താനുമുള്ള പരീക്ഷണമാണിത്.